അന്തർദേശീയ തലത്തിൽ അമേരിക്കൻ പ്രശസ്തിക്ക് കോട്ടംതട്ടിയതായി സർവ്വെ റിപ്പോർട്ട്. ഡൊണാൾഡ് ട്രംപിൻ്റെ പ്രസിഡൻസി അമേരിക്കൻ പ്രശസ്തിയുടെ ശോഭ കെടുതിയെന്നാണ് സർവ്വെയുടെ മുഖ്യ കണ്ടെത്തൽ.
കൊറോണ വൈറസ് മഹാമാരി നേരിടുന്നതിലെ ഗുരുതര പിഴവുകളാകട്ടെ അമേരിക്കൻ പ്രതിച്ഛായയെ ഏറെ വഷളാക്കിയെന്നും റിപ്പോർട്ട് പറയുന്നുണ്ട്. പ്രസിഡൻ്റ് ട്രംപിൻ്റെ ജനസമ്മതി ഗ്രാഫ് കീഴോട്ടെത്രെ. പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രചരണം സജീവമായിരിക്കെയുള്ള ഈ സർവ്വെ റിപ്പോർട്ട് ട്രംപിനെ അസ്വസ്ഥനാക്കാതിരിക്കല്ല.
ലണ്ടൻ ആസ്ഥാനമായ പ്യൂ റിസർച്ച് സെന്ററിൻ്റേതാണ് സർവ്വെ റിപ്പോർട്ട്. സെപ്തംബർ 15 നാണ് പുതിയ സർവ്വെ റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടത്. രാഷ്ട്രങ്ങളുടെ മികവിനെ അടിസ്ഥാനമാക്കിയായിരുന്നു സർവ്വെ. 13 രാജ്യങ്ങളിൽ നിന്നുള്ളവരുടെ അഭിപ്രായസമാഹരണമാണ് സർവ്വെ റിപ്പോർട്ട്. യുഎസ് അനുകൂല കാഴ്‌ചപ്പാടുകൾ പങ്കുവെച്ചവർ ഏറെ കുറവ്.
2017 ജനുവരിയൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റു. ഇതിനുശേഷമാണ് യുഎസിന്റെ അന്താരാഷ്ട്ര പ്രതിച്ഛായക്ക് മങ്ങലേൽക്കാൻ തുടങ്ങിയത്. കോവിഡ് – 19 വ്യാപനത്തെ പ്രതിരോധിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടതോടെയാകട്ടെ യുഎസ് പ്രതിച്ഛായയുടെ കോട്ടം പൂർണമായിയെന്നാണ് പ്യൂ റിസർച്ച് സെൻ്റർ സർവ്വെയുടെ കണ്ടെത്തൽ.
മാഹാമാരി ഘട്ടത്തിൽ യുഎസ് നല്ല ഭരണം കാഴ്ചവെച്ചുവെന്ന് അഭിപ്രായപ്പെട്ടത് കേവലം 15 ശതമാനം. ഇതിനുവിരുദ്ധമായി ലോകാരോഗ്യ സംഘടനയും യൂറോപ്യൻ യൂണിയനും മികച്ചതെന്ന അഭിപ്രായമാണ് സർവ്വെയിൽ പ്രകടമായത്.
യുഎസിൽ പുതിയ കോവിഡു കേസുകൾ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഏറെക്കുറെ മിതമായിട്ടാണ് കാണപ്പെടുന്നത്. അമേരിക്കയിൽ ഔദ്യോഗിക കണക്കനുസരിച്ച് വൈറസ് ബാധിച്ച് മരണപ്പെട്ടവർ 195000. ഇത് ലോകത്തിലെ ഏറ്റവും വലിയ മരണ നിരക്ക്.
അന്താരാഷ്ട്ര തലത്തിൽ സർവ്വ ആക്ഷേപങ്ങളും ട്രംപ് ഭരണകൂടത്തിനെതിരെയാണ് കുമിഞ്ഞുകൂടുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായുള്ള പ്രസിഡന്റ് ട്രംപിൻ്റെ പ്രസ്താവനകളിൽ ലോകം നെറ്റി ചുളിക്കുകയാണ്. വൈറസിനെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചുള്ള പ്രസിഡൻ്റ് ട്രമ്പിൻ്റെ ചില അഭിപ്രായ പ്രകടനങ്ങൾ ലോകത്തിന് രസിച്ചില്ലെന്നാണ് സർവ്വെ റിപ്പോർട്ട് വിളിച്ചുപറയുന്നത്.
യുഎസിന്റെ പരമ്പരാഗത സഖ്യരാഷ്ട്രങ്ങളിലെ പൗരന്മാർ പോലും അമേരിക്കയോടുള്ള താല്പര്യമില്ലാഴ്മ പ്യൂ വിൻ്റെ സർവ്വെയിൽ രേഖപ്പെടുത്തി. ഉദാഹരണത്തിന് സർവ്വെയിൽ പങ്കെടുത്ത ബ്രിട്ടിഷ് പൗരന്മാരിൽ വെറും 41 ശതമാനമാത്രമാണ് യുഎസ് അനുകൂല അഭിപ്രായം പ്രകടിപ്പിച്ചത്.
ഫ്രാൻസിൽ നിന്ന് സർവ്വെയിൽ പങ്കെടുത്തവരിൽ 31 ശതമാനം മാത്രമാണ് യുഎസിനെ ക്രിയാത്മകമായി കാണുന്നത്. 2003 ൽ യുഎസ് നേതൃത്വത്തിലുള്ള ഇറാഖ് യുദ്ധത്തെക്കുറിച്ച് ഇരു രാജ്യങ്ങളും തമ്മിൽ തർക്കമുണ്ടായപ്പോൾ രേഖപ്പെടുത്തിയ അഭിപ്രായപ്രകടന തോതുമായി പൊരുത്തപ്പെടുന്നതാണിത്.
യുഎസിനക്കുറിച്ച് ജർമ്മൻകാർ തീർത്തും നിഷേധാത്മക നിലപാടാണ് രേഖപ്പെടുത്തിയത്. അഭിപ്രായ സർവ്വെയിൽ പങ്കെടുത്തവരിൽ 26 ശതമാനം മാത്രമാണ് അമേരിക്കനടുപ്പം പ്രകടമാക്കിയത്. 2003 ൽ ഫ്രാൻസിനെപ്പോലെ അമേരിക്കൻ മുൻകയ്യിലുള്ള ഇറാഖ് യുദ്ധത്തോട് 25 ശതമാനം ജർമ്മൻക്കാർ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു.
സർവ്വെയിൽ പങ്കെടുത്ത രാജ്യങ്ങളിൽ ദക്ഷിണ കൊറിയയിൽ മാത്രമാണ് യുഎസ് അനുകൂല കാഴ്ചപ്പാടുകൾ പ്രകടമായത്. കൊറിയയിൽ സർവ്വെയിൽ 59 ശതമാനവും രേഖപ്പെടുത്തിയത് അമേരിക്കൻ പിന്തുണ.
നവംബറിലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബിഡനെതിരെ പ്രസിഡൻ്റ് ട്രമ്പിൻ്റെ സാധ്യതകളെക്കുറിച്ചുള്ള അഭിപ്രായങ്ങളും പ്യൂ റിസർച്ച് സെൻ്റർ ക്രോഡീകരിച്ചിട്ടുണ്ട്.
പ്രസിഡൻ്റ് ട്രംപിൻ്റെ റേറ്റിങ് വീഴ്ച ബെൽജിയത്തിലും കണ്ടു. അഭിപ്രായ സർവ്വെയിൽ പങ്കാളികളായവരിൽ ഒമ്പതു ശതമാനം മാത്രമാണ് ട്രംപിനെ അനുകൂലിച്ചത്. ജപ്പാൻക്കാർ സർവ്വെയോട് രചനാത്മകമായാണ് പ്രതികരിച്ചത്. എങ്കിലും 25 ശതമാനം മാത്രമാണ് ട്രംപിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
മുൻ പ്രസിഡൻ്റ് ബരാക് ഒബാമയോടുള്ള ജനപ്രീതി -പ്രത്യേകിച്ചും പടിഞ്ഞാറൻ യൂറോപ്പിൽ – തട്ടിച്ചുനോക്കുമ്പോൾ ട്രംപിൻ്റെ സ്വീകാര്യത ഏറെ നിരാശാജനകമാണെന്നാണ് പ്യൂ റിസർച്ച് സെൻ്റർ പറയുന്നത്. ബ്രിട്ടൻ, സ്‌പെയിൻ, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ ട്രമ്പി ന്റെ റേറ്റിങ് ജോർജ്ജ് ഡബ്ല്യു. ബുഷ് പ്രസിഡൻസിയുടെ അവസാന ഘട്ടത്തിൽ ലഭിച്ചതിന് സമാനമാണ്. ഇറാഖിന്മേലുള്ള അധിനിവേശവും ആഗോള സാമ്പത്തിക മാന്ദ്യ തുടക്കവുമാണ് മുഖ്യമായും ബുഷിൻ്റെ പ്രശസ്തിയ്ക്ക് മങ്ങലേപ്പിച്ചിത്.
ട്രംപിനോടുള്ള ലോക നേതാക്കളുടെ നിഷേധാത്മക സമീപനമാണ് പ്രധാനമായും പ്യൂവിൻ്റെ സർവ്വെയിൽ തെളിഞ്ഞത്. ജർമ്മൻ ചാൻസലർ ഏഞ്ചെല മെർക്കലിനാണ് ലോകത്ത് ഏറ്റവും കൂടുതൽ ജനസന്മതി. രാജ്യത്ത് സർവ്വെയിൽ പങ്കെടുത്ത 76 ശതമാനവും ജർമ്മൻ ചാൻസലറിൽ വിശ്വാസമർപ്പിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും അനുകൂല റേറ്റിങ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസിനുള്ള ജനസന്മതിക്ക് സമ്മിശ്ര സ്വഭാവം. ട്രംപിനോളമില്ലെങ്കിലും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുടെ റേറ്റിങുകൾ നെഗറ്റീവാണെന്നാണ് പ്യൂ റിസർച്ച് സെൻ്റർ സർവ്വെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
കാനഡ, ബെൽജിയം, ഡെൻമാർക്ക്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലെൻസ്, സ്‌പെയിൻ, സ്വീഡൻ, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ജൂൺ 10 മുതൽ ആഗസ്ത് മൂന്നു വരെയായിരുന്നു സർവ്വെ. ഇപ്പറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ള 13273 മുതിർന്ന പൗരന്മാരുടെ അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളുമാണ് പ്യൂ റിസർച്ച് സെൻ്ററിൻ്റെ സർവ്വെയിൽ ഇടംപിടിച്ചത്. മഹാമാരി പശ്ചാത്തലത്തിൽ ഫോണിലൂടെയായിരുന്നു സർവ്വെ.
അവലംബം: എപി ന്യൂസ് ഏജൻസി