റിയാദ്: കോവിഡ് സ്ഥിതി വിലയിരുത്തിയതിന് ശേഷം അന്താരാഷ്ട്ര വിമാന സർവിസ് പുനഃരാരംഭിക്കുന്ന തീരുമാനിക്കുമെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റബീഅ അഭിപ്രായപ്പെട്ടു. രോഗവ്യാപനത്തിന്റെ ഗതിവിഗതിയും ഇതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളും നിരന്തരമായി നിരീക്ഷിച്ചും വിലയിരുത്തിയുമാണ് ഒരു തീരുമാനത്തിലെത്തുകയെന്നും അൽ അഖ്ബാരിയ ചാനലിന് നൽകിയ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിൽ ശമനമുണ്ടാകുന്നുണ്ടോ എന്ന് നിരന്തര നിരീക്ഷണം നടത്തും. സാഹചര്യം വിലയിരുത്തി സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിദേശങ്ങൾക്ക് അനുസൃതമായി ഉചിതമായ സമയത്ത് അനുയോജ്യമായ തീരുമാനമെടുക്കും.
സ്വദേശികളായാലും വിദേശികളായാലും എല്ലാവരുടെയും ആരോഗ്യസുരക്ഷക്കാണ് പ്രധാന്യം കൊടുക്കുന്നത്. കോവിഡ് ഇവിടെ നിലനിൽക്കുന്നിടത്തോളം സൂക്ഷ്മവും നിരന്തരവുമായ വിലയിരുത്തലുണ്ടാകും. ശരിയായ തീരുമാനങ്ങൾ എടുക്കാനാണിത്. ആരോഗ്യ സുരക്ഷക്ക് വേണ്ട മുൻകരുതലും രാജ്യം സ്വീകരിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.