ന്യൂഡല്‍ഹി: കോവിഡ് കാലത്ത് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം മുഖാവരണം ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിങ്ങനെയുള്ള കൊറോണ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
പരീക്ഷാ ഹാളില്‍ സാമൂഹിക അകലം പാലിക്കണമെന്ന് നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു. മുഖാവരണം ധരിച്ചിരിക്കണം. സാനിറ്റെസര്‍ ഉപയോഗിക്കണം. കൈകള്‍ കഴുകുന്നതും നിര്‍ബന്ധമായിരിക്കും. തുമ്മുമ്ബോഴും ചുമയ്ക്കുമ്ബോഴും മുഖം മറച്ചിരിക്കണം. പരീക്ഷാ ഹാളിന്റെ പരിസരത്ത് തുപ്പാന്‍ പാടില്ല. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ നേരത്തെ അറിയിച്ചിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കണ്ടെയ്ന്മെന്റ് സോണുകള്‍ക്ക് പുറത്ത് മാത്രമേ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കൂ. കണ്ടെയ്ന്മെന്റ് സോണുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും ഇന്‍വിജിലേറ്റര്‍മാരെയും പരീക്ഷാ ഹാളിനുള്ളില്‍ അനുവദിക്കില്ല. കണ്ടെയ്ന്മെന്റ് സോണുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ ബദല്‍ സൗകര്യം നല്‍കും. സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത് സംബന്ധിച്ച് തീരുമാനമെടുക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
സാമൂഹിക അകലം പാലിച്ചുകൊണ്ട് പരീക്ഷാ ഹാള്‍ ഒരുക്കുന്നതിന് ആവശ്യമായ മുറികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടെന്ന് അധികൃതര്‍ ഉറപ്പാക്കേണ്ടതാണ്. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളും മേല്‍നോട്ട ചുമതലയുള്ള അധ്യാപകരും തങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡിക്ലറേഷന്‍ നല്‍കേണ്ടതാണ്. ഹാള്‍ ടിക്കറ്റ് നല്‍കുന്നതിനൊപ്പം ഡിക്ലറേഷന്‍ ഫോമും നല്‍കുന്നതായിരിക്കും.
പരീക്ഷാ കേന്ദ്രത്തിന്റെ കവാടത്തില്‍ തെര്‍മല്‍ സ്കാനിംഗ്, കൈ വൃത്തിയാക്കാനുള്ള സംവിധാനം എന്നിവ ഒരുക്കണം. പരീക്ഷാ കേന്ദ്രത്തില്‍ വരുന്നതിന് മുന്‍പ് എന്തെല്ലാം കൊണ്ടുവരാമെന്നത് സംബന്ധിച്ച കൃത്യമായ വിവരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈമാറണമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
Health ministry issues Revised SOP on preventive measures to be followed while conducting examinations to contain the spread of #COVID19.https://t.co/7SXmJn5Ofb pic.twitter.com/TBPYuAkVQL
— Ministry of Health (@MoHFW_INDIA)
September 10, 2020