മലപ്പുറം : തീരമേഖല നേരിടുന്ന പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും തീരദേശത്തെ ആശങ്കയേറ്റുന്ന കേന്ദ്ര സർക്കാർ നടപടികളുമായി കേരളത്തിലെ ഇടതു സർക്കാർ കൈകോർക്കുകയാണെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ല സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. തീരദേശാവകാശ നിയമം നിർമിക്കാതെ കുത്തകകൾക്ക് തീരത്തെയും കടലിനെയും തീറെഴുതിക്കൊടുക്കുന്നത് മൂലം വൻപ്രതിസന്ധിയിലാണ് തീരദേശ വാസികൾ. കാലാവസ്ഥാ വ്യതിയാനവും ട്രോളിങ് നിരോധവും മൂലം കോവിഡ്കാല തൊഴിൽ പ്രതിസന്ധിയെ അതിജീവിക്കുവാനാവാത്ത ആശങ്കയിലാണവർ. സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച സൗജന്യ സാറ്റലൈറ്റ് ഫോൺ ഇതുവരെ ലഭ്യമാക്കാത്തതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ഈ ദുരന്ത വേളയിലെങ്കിലും സർക്കാർ മറുപടി പറയേണ്ടതുണ്ട്. ഫിഷറീസ് വകുപ്പിലേക്ക് തീര സംരക്ഷണത്തിനായി പ്രഖ്യാപിച്ച കോടികളുടെ കണക്ക് ഹാജരാക്കുവാൻ സർക്കാറിന് ബാധ്യതയുണ്ട്
തകർന്ന ബോട്ടുകൾക്കും മൽസ്യ ബന്ധന ഉപകരണങ്ങൾക്കുമുള്ള നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കണം. കോസ്റ്റ് ഗാർഡിൻെറ സുരക്ഷാബോട്ടുകൾ പൊന്നാനിയടക്കമുള്ള പല തീരങ്ങളിലും ദീർഘനാളായി ഉപയോഗ ശൂന്യമായി കിടക്കുകയാണ്.
രക്ഷാപ്രവർത്തനത്തിന് അനുമതി വൈകിയതു കാരണം നാട്ടുകാരായ ഒരു കൂട്ടം മൽസ്യത്തൊഴിലാളികൾ തിങ്കളാഴ്ച ഉച്ചയോടെ മുന്നിട്ടിറങ്ങിയതിനാലാണ് മലപ്പുറം ജില്ലയിലെ താനൂരിൽ തകർന്ന ബോട്ടിൽ നിന്ന് ആറു മൽസ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനായത്.ഫിഷറീസ് വകുപ്പിൻെറ അനാസ്ഥയാണ് മൂന്നുപേരുടെ ജീവൻ അപകടത്തിലാക്കിയത്. .ജീവനുവേണ്ടി കേണുകൊണ്ടിരുന്നവരുടെ വിളികളെ അവഗണിച്ച ഫിഷറീസ് അധികൃതരുടെ നിരുത്തരവാദപരമായ നടപടികൾക്കെതിരിൽ വൻരോഷമാണ് തീരവാസികളിൽനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നും അരക്ഷിതാവസ്ഥയിൽ ഉപജീവനം നടത്തേണ്ടി വരുന്ന മൽസ്യത്തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷ ഉറപ്പുവരുത്തേണ്ട സർക്കാർ അതിനുകീഴിലെ സുരക്ഷാസംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. തീര മേഖലയിലേക്കെന്നു പറഞ്ഞ് നീക്കിവെക്കുന്ന കോടികൾ മൽസ്യത്തൊഴിലാളിയുടെ ജീവൻെറ സംരക്ഷണത്തിന് എന്തുനൽകി എന്നചോദ്യം ബാക്കിനിൽക്കുകയാണ്.
കടലിൽ കാണാതാകുന്നവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരത്തുക ലഭ്യമാക്കുകയും സർക്കാർ അവരെ ഏറ്റെടുക്കുകയും ചെയ്യണം. കാണാതായവരെക്കുറിച്ച ആശങ്കയും നടുക്കവും രേഖപ്പെടുത്തിയതിനോടൊപ്പം അവരുടെ കുടുംബത്തിൻെറ വേദനയിൽ പങ്കുചേരുന്നതായും അറിയിച്ച് സെക്രട്ടേറിയേറ്റ് യോഗം സമാപിച്ചു.
വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡന്റ് നാസർ കിഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഗണേഷ് വടേരി, ട്രഷറർ എ ഫാറൂഖ്, മുനീബ് കാരക്കുന്ന്, റംല മമ്പാട്, സുഭദ്ര വണ്ടൂർ, ശ്രീനിവാസൻ മേലാറ്റൂർ, മുഹമ്മദ് പൊന്നാനി, അഷ്റഫ് വൈലത്തൂർ, നസീറാ ബാനു, ജാഫർ.സി.സി, വഹാബ് വെട്ടം, ആരിഫ് ചുണ്ടയിൽ, സഫീർ ഷാ കെ.വി തുടങ്ങിയവർ സംസാരിച്ചു.