ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിൽ നടി സഞ്ജന ഗൽറാണി അറസ്റ്റില്‍. സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത സഞ്ജനയുടെ അറസ്റ്റ് രേഖപ്പെടുത്തി. വീട്ടിൽ പരിശോധന നടത്തിയ ശേഷമായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ നടിയെ അഞ്ച് ദിവസം പോലീസ് കസ്റ്റഡിയില്‍വിട്ടു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് താരത്തെ കോടതിയില്‍ ഹാജരാക്കിയത്. സിനിമ താരം നിക്കി ഗ ല്റാണിയുടെ സഹോദരിയാണ് സഞ്ജന- ബംഗ്ലൂര് മിറര്‍ റിപ്പോര്‍ട്ട്.
കേസിലെ മൂന്നാം പ്രതി വിരേൻ ഖന്നയുടെയും സഞ്ജനയുടെയും വീടുകളിൽ ഒരേ സമയമായിരുന്നു സി.സി.ബിയുടെ പരിശോധന. സഞ്ജനയുടെ സുഹൃത്തുക്കളായ രാഹുലും മലയാളിയായ നിയാസും നേരത്തെ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്നും കൂടുതൽ തെളിവുകൾ ശേഖരിച്ച് വരികയാണ്.
അരൂര്‍ സ്വദേശി നിയാസിന് മലയാള സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. നിരവധി മലയാള ചിത്രങ്ങളില്‍ ഇയാള്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബംഗളൂരൂ, കൊച്ചി എന്നിവിടങ്ങളിൽ മോഡലിംഗ് രംഗത്തും സജീവമായിരുന്നു നിയാസ്.
നേരത്തെ നടി രാഗിണി ദ്വിവേദിയെ സിസിബി അറസ്റ്റ് ചെയ്തിരുന്നു. സഞ്ജനയും രാഗിണി ദ്വിവേദിയുമടക്കം 12 പേരെ പ്രതിചേര്‍ത്താണ് സിസിബി കേസെടുത്തിരിക്കുന്നത്. ലഹരി ഇടപാടിലെ മുഖ്യ കണ്ണിയെന്നു കരുതുന്ന ശിവപ്രകാശ് ഒന്നാം പ്രതി. രാഗിണി രണ്ടാം പ്രതിയാണ്.
കേസില്‍, കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്. എഫ്.ഐ.ആറില്‍ 12 പേരാണുള്ളത്. നടി രാഗിണി ദ്വിവേദി രണ്ടാം പ്രതിയാണ്.