ഹോങ്കോങ്: പബ്ജി നിരോധനം ചൈനയ്ക്ക് നല്‍കിയത് വന്‍ തിരിച്ചടിയെന്ന് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ രണ്ടു ദിവസത്തിനുള്ളിൽ ടെൻസെന്റിന് ഏകദേശം 2.48 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം നഷ്ടമായി.
വ്യാഴാഴ്ച വ്യാപാരം തുടങ്ങിയ ഉടനെ ടെൻസെന്റ് ഓഹരികൾ 2 ശതമാനം ഇടിഞ്ഞു. ഏകദേശം 175 ദശലക്ഷം ഇൻസ്റ്റാളുകൾ ഉള്ള പബ്ജി മൊബൈലിന്റെ ഏറ്റവും വലിയ വിപണിയായിരുന്നു ഇന്ത്യ. ഒരു ദക്ഷിണ കൊറിയൻ ഗെയിമിങ് കമ്പനിയാണ് പബ്ജി സൃഷ്ടിച്ചതെങ്കിലും, ചൈനയിലെ ഏറ്റവും വലിയ ഗെയിമിങ് കമ്പനികളിലൊന്നായ ടെൻസെന്റ് ആണ് പബ്ജി മൊബൈൽ പതിപ്പുമായി രംഗത്ത് ഉണ്ടായിരുന്നത്.
ഹോങ്കോങ് വിപണിയിൽ വ്യാഴാഴ്ച വ്യാപാരം തുടങ്ങുമ്പോൾ ടെൻസെന്റ് ഓഹരി വില 71 ഡോളറായിരുന്നു. ഇത് ക്ലോസ് ചെയ്യുമ്പോൾ 69 ഡോളറിലേക്ക് താഴ്ന്നു. പബ്ജിയിലെ 10 ശതമാനം ഓഹരികളും ടെൻസെന്റിന്റെ കൈവശമാണ്.
പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കേന്ദ്ര ഐടി മന്ത്രാലയം സെപ്തംബര്‍ രണ്ടാം തീയതി നിരോധിച്ചത്. നേരത്തെ തന്നെ ആപ്പ് നിരോധിക്കുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിർത്തിയിൽ സ്ഥിതിഗതികൾ വഷളാകുന്നതിനിടെയാണ് ഐടി മന്ത്രാലയത്തിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്. കൂടുതലും ഗെയിമുകളും ക്യാമറ ആപ്പുകളും അടങ്ങുന്നതാണ് പട്ടിക. ചില ലോഞ്ചറുകളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്.
എന്നാല്‍ നിരോധിത പട്ടികയില്‍ ഏറ്റവും വാര്‍ത്ത പ്രധാന്യം നേടുന്നത് പബ്ജി തന്നെയാണ്. രാജ്യത്തെ ഇ-ഗെയിം രംഗത്തെ മുന്നണിക്കാരായി ഇന്ത്യയില്‍ ഇറങ്ങി രണ്ട് വര്‍ഷത്തില്‍ തരംഗമായി മാറിയ ഈ ഗെയിം ആപ്പിന്റെ അവസാനം പെട്ടെന്നായിരുന്നു.