ന്യൂഡല്‍ഹി : ജെഇഇ, നീറ്റ് പരീക്ഷകള്‍ നിശ്ചയിച്ച തിയതികളില്‍ തന്നെ നടക്കും. പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങള്‍ നല്കിയ പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്, ബി. ആര് ഗവായി, കൃഷ്ണ മുറാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
സെപ്തംബര്‍ ആദ്യവാരം ജെഇഇ പരീക്ഷയും, 13 ന് നീറ്റ് പരീക്ഷയും നടത്താനായിരുന്നു കേന്ദ്ര തീരുമാനം. തുടര്‍ന്ന് ആഗസ്റ്റ് 17 ന് പരീക്ഷകള്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ നടത്താന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാനങ്ങള്‍ കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കിയത്. പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, രാജസ്ഥാന്, ഛത്തീസ്ഗഢ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മന്ത്രിമാരാണ് ഹര്‍ജിക്കാര്‍.
കൊറോണയുടെ സാഹചര്യത്തിലും ജീവിതം മുന്പോട്ട് പോകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പരീക്ഷയക്ക് അനുമതി നല്കി കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്.