ഈ കോവിഡ് കാലം രാജ്യത്ത് ഓണ്‍ലൈന്‍ ചൂതാട്ട റാക്കറ്റുകൾക്ക് കൊയ്ത്തുകാലമായിരിക്കുകയാണ്. ലോക്ക് ഡൗണ്‍ കാലയളവില്‍ വന്‍ നേട്ടമാണ് ഓൺലൈൻ ചൂതാട്ട ബിസിനസ് സ്വന്തമാക്കിയിരിക്കുന്നത്. വീട്ടമ്മമാരെ അടക്കം വലയിലാക്കി കോടികളുടെ റമ്മി ചൂതാട്ടം പൊടിപൊടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെ ഓൺലൈൻ ചൂതാട്ട ബിസിനസിൻ്റെ 50 ശതമാനവും ഉള്‍ക്കൊള്ളുന്നത് റമ്മി കളിയാണ്. വര്‍ഷത്തില്‍ 2200 കോടിയുടെ റമ്മി കളി രാജ്യത്ത് നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. 5.5 കോടി റമ്മി കളിക്കാർ ഉണ്ട്. ഇതിന്‍റെ വര്‍ച്ചാ തോത് 34 ശതമാനമാണെന്ന് അന്വേഷണം നടത്തിയ വിശദമായ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
റമ്മി സർക്കിൾ, ജൻഗ്ലി റമ്മി, എസിടുത്രീ (Ac2three) പാഷൻ ഗെയിം തുടങ്ങിയവരാണ് ഇന്ത്യയിലെ ഓൺലൈൻ റമ്മി ചൂതാട്ട കമ്പനികളിലെ ശക്തർ. ഇവർ 2019 നാമ്പത്തിക വർഷത്തിൽ ഡിജിറ്റൽ മീഡിയ പരസ്യത്തിനായ് ചെലവഴിച്ചത് 700 കോടി രൂപയിലധികമാണ്. 2020 ആകുമ്പോഴേക്കും ഇതില്‍ സാരമായ വര്‍ദ്ധനയും ഉണ്ടായിട്ടുണ്ട്.
കോടികൾ വാരിയെറിഞ്ഞുള്ള ഡിജിറ്റൽ മീഡിയ പരസ്യങ്ങളിലൂടെയാണ് ഓൺലൈൻ ചൂതാട്ട റാക്കറ്റുകൾ കളിക്കാരെ കൂട്ടത്തോടെ കുടുക്കുന്നത്. ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും തെന്നിന്ത്യന്‍ സിനിമ നടി തമന്നയും എംപിഎൽ എന്ന ഓൺലൈൻ ചൂതാട്ട കമ്പനിയുടെ റമ്മിയിലേക്ക് കളിക്കാരെ ആവാഹിക്കാൻ പരസ്യങ്ങളിൽ നിറഞ്ഞാടുന്നു.
ഓണ്‍ലൈന്‍ ചൂതാട്ടത്തെ വൈദഗ്ദ്ധ്യത്തിന്‍റെ കളിയെന്നാണ് സുപ്രീം കോടതി വിശേഷിപ്പിച്ചത്. ഇതോടൊപ്പം ചൂതാട്ട വിരുദ്ധ നിയമത്തിലെ പഴുതുകളും ഈ മേഖലയിലെ നികുതി ഘടനയിലുള്ള അവ്യക്തതയും ഇന്ത്യയില്‍ ഓൺലൈൻ ചൂതാട്ട വ്യവസായത്തിന്റെ വരുമാനം നാലിരട്ടിയാകാന്‍ കാരണമാകുന്നു.
ഇത് മുതലെടുത്ത് ഏഷ്യയിലെ വമ്പന്മാരായ ഇൻറർനെറ്റ് കമ്പനികളും ഓൺലൈൻ ചൂതാട്ട വ്യവസായത്തിനായ് വൻ നിക്ഷേപങ്ങളിറക്കുകയാണ്. ടെൻസെന്റ് ഹോൾഡിംഗ്സ് ലിമിറ്റഡ്, അലിബാബ ഗ്രൂപ്പ് ഹോൾഡിംഗ് ലിമിറ്റഡ്, സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോർപ്പറേഷൻ എന്നിവരാണ് ഇതില്‍ പ്രമുഖര്‍. കളി (ഗെയ്മിംഗ്), ഫാൻ്റസി സ്പോട്സ് തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ നേരമ്പോക്കെന്ന ലാഘവത്തോടെയാണ് ഓൺലൈൻ ചൂതാട്ടം പ്രചരിപ്പിക്കുന്നതെങ്കിലും ഇത് ഇന്ത്യയിൽ കൊള്ളലാഭത്തിൻ്റെ വ്യവസായമായി പടരുകയാണ്.ലാഭത്തിൻ്റെ വ്യവസായമായി പടരുകയാണ്.