യുഎഇ കോവിഡ് വാക്സിന്‍: രജിസ്‍ട്രേഷനുകള്‍ അവസാനിപ്പിക്കുകയാണെന്ന് ആരോഗ്യ വകുപ്പ്

അബുദാബി: യുഎഇയില്‍ നടന്നുവരുന്ന കോവിഡ് വാക്സിന്‍ മൂന്നാംഘട്ട പരീക്ഷണത്തില്‍ ഇതുവരെ പങ്കെടുത്തത് 31,000ല്‍ അധികം പേര്‍. ആറാഴ്‍ച കൊണ്ട് 120 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പരീക്ഷണത്തിന്റെ ഭാഗമായി. ഇതോടെ വാക്സിന്‍ പരീക്ഷണത്തിനുള്ള രജിസ്‍ട്രേഷന്‍ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.

ആവശ്യമനുസരിച്ചുള്ള ആളുകളെ ലഭിച്ചതിനാല്‍ ഓഗസ്റ്റ് 30ഓടെ പുതിയ രജിസ്‍ട്രേഷനുകള്‍ അവസാനിപ്പിക്കുകയാണെന്ന് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. അബുദാബി ആരോഗ്യ വകുപ്പ്, യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം, അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി എന്നിവയുമായി സഹകരിച്ച്‌ അബുദാബിയിലെ ജി-42 ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനമാണ് ചൈനീസ് നിര്‍മിത വാക്സിന്‍ പരീക്ഷിക്കുന്നത്.

ആദ്യഘട്ടത്തില്‍ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസും കൊടുത്തുതുടങ്ങിയിട്ടുണ്ട്. വാക്സിനെടുത്തവരുടെ ആരോഗ്യ പരിശോധനയടക്കം നടന്നുകൊണ്ടിരിക്കുകയാണ്. ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ 100 ശതമാനം വിജയമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.