പ്രതിരോധ ശേഷിക്ക് മാത്രമാണോ ഓറഞ്ച് സഹായകമാവുക?

കോവിഡ് കാലത്ത് ആളുകള്‍ ഏറ്റവുമധികം വാങ്ങിക്കഴിച്ച പഴമാണ് ഓറഞ്ച്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍- സി രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നതിനാലാണ് മിക്കവരും ഓറഞ്ചിന് പിറകെ പാഞ്ഞത്. എന്നാല്‍ പ്രതിരോധ ശേഷിക്ക് മാത്രമാണോ ഓറഞ്ച് സഹായകമാവുക!

സത്യത്തില്‍ മറ്റ് പല ഗുണങ്ങളും ഓറഞ്ച് കഴിക്കുന്നത് കൊണ്ടുണ്ട്. മിക്കവാറും എല്ലാം വിറ്റാമിന്‍-സിയുമായി ബന്ധപ്പെട്ട് കിടക്കുന്നത് തന്നെ. അത്തരത്തില്‍ രക്തസമ്മര്‍ദ്ദവും വിറ്റാമിന്‍-സിയും തമ്മിലും ഒരു ബന്ധമുണ്ടെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്.

‘ദ അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍’ എന്ന പ്രസിദ്ധീകരണത്തിലാണ് വിറ്റാമിന്‍-സിയും രക്തസമ്മര്‍ദ്ദവും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന പഠനറിപ്പോര്‍ട്ട് വന്നത്. പതിവായി വിറ്റാമിന്‍- സി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രണത്തിലാക്കാന്‍ സഹായിക്കുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.


എന്നാല്‍ അല്‍പം കൂടിയ അളവില്‍ ഇത് കഴിക്കണമെന്ന് മാത്രം. ഓറഞ്ച് മാത്രമല്ല, വിറ്റാമിന്‍-സി അടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍, സപ്ലിമെന്റ്‌സ് എന്നിവയെല്ലാം ഇതിന് സഹായിക്കുമത്രേ. മുതിര്‍ന്നവര്‍ ശരാശരി 75 മുതല്‍ 90 മില്ലിംഗ്രാം വരെ വിറ്റാമിന്‍-സിയാണ് ഒരു ദിവസത്തില്‍ കഴിക്കേണ്ടതെന്ന് ന്യൂട്രീഷ്യനിസ്റ്റായ പ്രിയങ്ക അഗര്‍വാള്‍ പറയുന്നു.

ഇതിന്റെ എത്രയോ ഇരട്ടി വൈറ്റമിന്‍-സി കഴിച്ചാലേ രക്തസമ്മര്‍ദ്ദം കുറയാന്‍ ഉപകരിക്കൂ എന്നും പ്രിയങ്ക പറയുന്നു. ഉദ്ദേശം ആറ് കപ്പ് ഓറഞ്ച് ജ്യൂസ് എന്നെല്ലാം ഇതിനെ കണക്കാക്കാമത്രേ. എന്തായാലും അത്രയും വിറ്റാമിന്‍-സി ഒരു ദിവസത്തില്‍ തന്നെ കഴിക്കുക സാധാരണഗതിയില്‍ സാധ്യമല്ലല്ലോ.


എന്നുമാത്രമല്ല, വിറ്റാമിന്‍-സിയും രക്തസമ്മര്‍ദ്ദവും തമ്മില്‍ ദീര്‍ഘകാലത്തേക്ക് ഇത്തരമൊരു ബന്ധം നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ പഠനത്തിനൊട്ട് ഉറപ്പുമില്ല. അതിനാല്‍ തന്നെ, ഓറഞ്ച് കഴിക്കുന്നതോ, മറ്റ് വിറ്റാമിന്‍- സി അടങ്ങിയ ഭക്ഷണങ്ങളോ സപ്ലിമെന്റുകളോ കഴിക്കുന്നതോ രക്തസമ്മര്‍ദ്ദവും തമ്മില്‍ ബന്ധമുണ്ട് എന്ന് പറയാന്‍ മാത്രമേ നമുക്കാകൂ. പ്രായോഗികമായി ഇതിനെ അംഗീകരിക്കുന്നതില്‍ ബുദ്ധിമുട്ടുകളുണ്ടെന്ന് സാരം.