കോഴിക്കോട്: ജില്ലയിൽ ഇന്ന് 304 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ച രണ്ടാമത്തെ ജില്ലയാണ് കോഴിക്കോട്. കോഴിക്കോട് നഗരത്തോട് ചേർന്ന തീരമേഖലകളിലെ രോഗവ്യാപനം ശക്തമായതാണ് കോഴിക്കോട്ടെ സ്ഥിതി ഗുരുതരമാക്കിയത്.
വെള്ളയിൽ, മുഖദാർ,തോപ്പയിൽ, വടകരയിലെ ചോറോട്,കുരിയാടി എന്നിവിടങ്ങളിലാണ് ഇന്നേറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. സമ്പർക്കം വഴി 266 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും എത്തിയ 13 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 9 പേര്‍ക്കും രോഗം സ്ഥിരീകരിച്ചപ്പോൾ 16 പേരുടെ ഉറവിടം വ്യക്തമല്ല.
വെള്ളയിൽ കൂടാതെ കോഴിക്കോട് കോർപ്പറേഷനിലെ തീരമേഖലയായ തോപ്പയിൽ വാർഡിനേയും ജില്ല കളക്ടർ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻ്റ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിലുണ്ടായിരുന്ന 110 പേർ രോഗമുക്തി നേടിയിട്ടുണ്ട്. കോര്പ്പറേഷന് പരിധിയില്‍ സമ്പര്‍ക്കം വഴി 65 പേര്‍ക്കും വടകര 30 പേര്‍ക്കും ചോറോട് 30 പേര്‍ക്കും പെരുവയലില്‍ 22 പേര്‍ക്കും അഴിയൂരില്‍ 20 പേര്‍ക്കും വില്യാപ്പള്ളിയില്‍ 19 പേര്‍ക്കും രോഗം ബാധിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 2036 ആയി.