ജിദ്ദ: യാത്രക്കാരില്‍ ഒരാള്‍ക്ക് കോവിഡ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ‘സില്‍വല്‍ സ്പിരിറ്റ്’ ക്രൂയിസ് കപ്പല്‍ വിനോദയാത്ര ഷെഡ്യൂള്‍ ചെയ്തതിലും നേരത്തെ യാത്ര അവസാനിപ്പിച്ചതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച വൈകീട്ടാണ് ജിദ്ദ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി പോര്‍ട്ടില്‍ നിന്ന് മൂന്ന് ദിവസത്തെ ചെങ്കടല്‍ യാത്രക്കായി കപ്പല്‍ പുറപ്പെട്ടത്.
യാത്രയുടെ അവസാന നിമിഷത്തിലാണ് യാത്രക്കാരില്‍ ഒരാള്‍ക്ക് കോവിഡ് ബാധയുണ്ടെന്ന സംശയം ബലപ്പെട്ടത്. കപ്പലിലെ പ്രത്യേക ആരോഗ്യ സംഘമാണ് പരിശോധന നടത്തിയതെന്ന് റെഡ്സീ ക്രൂയിസ് കപ്പല്‍ കമ്പനി വ്യക്തമാക്കി. കോവിഡ് ബാധയുണ്ടെന്ന് സംശയിച്ച ആളെ ഉടനെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി. യാത്രക്കാരോട് നിശ്ചിത സ്ഥലങ്ങളില്‍ കഴിയാന്‍ ആവശ്യപ്പെടുകയുണ്ടായി.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് കപ്പല്‍ ഇക്കണോമിക് സിറ്റിയിലേക്ക് മടങ്ങിയത്. പോര്‍ട്ടില്‍ ആരോഗ്യ സുരക്ഷ നടപടികള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ സംഘത്തെ ഒരുക്കിയിരുന്നു. കോവിഡ് ബാധയുണ്ടെന്ന് സംശയിക്കുന്ന ആളെ ആശുപത്രിയിലേക്ക് മാറ്റി. ആളുമായി ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.