ഇന്ന് ദേശീയ കായിക ദിനം. കോവിഡ് കാലത്ത് നിശബ്ദമായ മൈതാനങ്ങള്‍ കായിക ലോകത്തിന് വേദന പകരുന്ന ചിത്രമാണ്. അധികം വൈകാതെ തന്നെ മൈതാനങ്ങളിലേയ്ക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് കായിക താരങ്ങളും ആസ്വാദകരും. മേജര്‍ ധ്യാന്‍ ചന്ദിന്റെ ജന്മവാര്‍ഷികമായ ഇന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു മേജര്‍ ധ്യാന്‍ ചന്ദ് ദേശീയ സ്റ്റേഡിയത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയെ തോല്പിച്ച് ബൂണ്ടസ് ലിഗ ജേതാക്കളായ ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലോക കായിക രംഗത്തുനിന്നുണ്ടായ ഏറ്റവും വലിയ വാര്‍ത്ത. കിങ്സ്ലി കോമാന് നേടിയ ഏക ഗോളിലാണ് മ്യൂണിക്ക്, പിഎസ്ജിയെ മറികടന്നത്. കായിക മൈതാനങ്ങള്‍ നിശബ്ദമായിട്ട് ആറ് മാസക്കാലമായി. ഒളിംപിക്സ് അടക്കമുള്ള കായിക മാമാങ്കങ്ങളാണ് മാറ്റിവച്ചിരിക്കുന്നത്. അടുത്ത മാസം യുഎഇയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കടുത്ത നിയന്ത്രണങ്ങളോടെ ആരംഭിക്കുന്നുണ്ട്. അധികം വൈകാതെ മൈതാനങ്ങള്‍ പഴയനിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.