അപ്പ മടങ്ങിവരവിന്റെ പാതയിലെന്ന് എസ്പിബിയുടെ മകന്‍

എസ്പി. ബാലസുബ്രഹ്മണ്യം മടങ്ങിവരവിന്റെ പാതയിലാണെന്നും ഫിസിയോ തെറാപ്പി ആരംഭിച്ചുവെന്നും മകന്‍ എസ്.പി ചരണ്‍. ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷമാണ് എസ്.പി.ബിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ചരണ്‍ വീഡിയോ പങ്കുവച്ചത്.

”അപ്പയുടെ ആരോഗ്യാവസ്ഥയില്‍ പുരോഗതിയുണ്ട്. അദ്ദേഹം ഇപ്പോള്‍ മടങ്ങിവരവിന്റെ പാതയിലാണ്. ഇപ്പോഴത്തെ അവസ്ഥ ഒരുപാട് പ്രതീക്ഷ നല്‍കുന്നുണ്ട്. അപ്പയ്ക്ക് ഫിസിയോതെറാപ്പി ആരംഭിച്ചു. അപ്പയുടെ ആരോഗ്യകാര്യത്തില്‍ ഇത്രയധികം ശ്രദ്ധ ചെലുത്തുന്ന ആശുപത്രി അധികൃതരോടും ആരോഗ്യ പ്രവര്‍ത്തകരോടും നന്ദി അറിയിക്കുകയാണെന്നും ചരണ്‍ പറഞ്ഞു.

ഓഗസ്റ്റ് 5നാണ് എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇടയ്ക്ക് നില വഷളായെങ്കിലും ഇപ്പോള്‍ മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും ആരോഗ്യനില ഭദ്രമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.