യുഎസ്എ: ഈ മാസം അവസാനത്തോടെ താന്‍ ഉപദേഷ്ടാവിന്റെ സ്ഥാനമൊഴിയുകയാണെന്ന് പ്രഖ്യാപിച്ച് കെല്ലിയാന്‍ കോണ്‍വേ. ആഗസ്റ്റ് അവസാനത്തോടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭരണനിര്‍വഹണ ഓഫീസില്‍ നിന്നും രാജിവെക്കുകയാണെന്ന് അവര്‍ ട്വിറ്റിറിലൂടെ അറിയിച്ചു. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതിനാലാണ് രാജിവെക്കുന്നതെന്ന് അവര്‍ പറഞ്ഞു – ബിബിസി ന്യൂസ് റിപ്പോര്‍ട്ട്.
യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ബാക്കി നല്കെയാണ് കെല്ലിയാന്‍ കോണ്‍വേയുടെ പിന്മാറ്റം. രണ്ടാംവട്ടം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനൊരുങ്ങുന്ന ട്രംപിനെ സംബന്ധിച്ചിടത്തോളം ഇനിയുള്ള രണ്ടുമാസങ്ങള്‍ നിര്‍ണായകമാണ്. ട്രംപിന്റെ രാഷ്ട്രീയ, നയപരമായ വിഷയങ്ങളെ കൈകാര്യം ചെയ്തിരുന്ന വ്യക്തിയാണ് കെല്ലിയാന്‍ കോണ്‍വേ. 2016 ലെ ട്രംപിന്റെ തെരഞ്ഞെടുപ്പ് കാംപയിനിന്റെ മൂന്നാം മാനേജരായിരുന്നു കോണ്‍വേ. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാമ്പയിന് വിജയകരമായി കൈകാര്യം ചെയ്ത ആദ്യ വനിത കൂടിയായിരുന്നു കോണ്‍വേ. ട്രംപിന്റെ ഏറെ വിശ്വസ്തയായ ഉപദേഷ്ടാവാണ് കെല്ലിയാന്‍ കോണ്‍വേ.
കെല്ലിയാന്‍ കോണ്‍വേയുടെ ഭര്‍ത്താവ് ജോര്‍ജ് കോണ്‍വേ, ലിങ്കണ് പ്രൊജക്ടിലെ തന്റെ പദ്ധതിയില്‍ നിന്നും പിന്മാറുകയാണെന്നും ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കുട്ടികള്‍ക്കും കുടുംബത്തിനും പ്രാധാന്യം നല്‍കേണ്ട സാഹചര്യത്തിലാണ് പിന്മാറ്റമെന്നാണ് ജോര്‍ജ് കോണ്‍വേയുടെയും വിശദീകരണം. ട്രംപിനെയും ട്രംപിസത്തേയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുകയെന്നതാണ് ലിങ്കണ് പ്രൊജക്ട്. അഭിഭാഷകനായ ജോര്‍ജ് കോണ്‍വേ ലിങ്കണ് പ്രൊജക്ടിന്റെ സഹസ്ഥാപകനും ട്രംപിന്റെ രൂക്ഷവിമര്ശകനുമായിരുന്നു. പ്രസിഡന്റിന്റെ ഓഫീസിന് ചേരാത്തയാളാണ് ട്രംപെന്ന് ജോര്‍ജ് കോണ്‍വേ നേരത്തെ വിമര്‍ശിച്ചിരുന്നു.
മാതാപിതാക്കളുടെ കാഴ്ചപ്പാടിനെതിരെ ട്വിറ്ററിലൂടെ നിരന്തരം ഇരുവരുടെയും 15 കാരിയായ മകള്‍ ക്ലോഡിയ വിമര്‍ശനമുന്നയിച്ചിരുന്നു. ട്വിറ്ററില്‍ നിന്നും ഒഴിവാകുകയാണെന്ന് ക്ലോഡിയ പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസമാണ് ഇരുവരും തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചത്.