വാഷിങ്ടണ്‍: ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന അമേരിക്കയില്‍ പ്ലാസ്മ തെറാപ്പിക്ക് അടിയന്തര അനുമതി നല്‍കിയതായി അധികൃതര്‍. അമേരിക്കയില്‍ 180,604ത്തിലധികം മരണങ്ങളാണ് ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലോകത്തെ സമ്പദ്വ്യവസ്ഥയെ താളംതെറ്റിച്ച കോവിഡ് വ്യാപനം തടയാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത സമ്മര്‍ദം നേരിടുകയും നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്ലാസ്മാ തെറാപ്പിക്ക് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം ലഭിച്ചത്.
രോഗത്തെ പ്രതിരോധിക്കാനും വൈറസ് ബാധിതരെ ഗുരുതരാവസ്ഥയില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്ന ആന്റിബോഡികള്‍ രക്ത പ്ലാസ്മയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. അമേരിക്കയിലെയും ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെയും രോഗികളില്‍ ഈ ചികില്‍സ ഇതിനകം ഉപയോഗിച്ചെങ്കിലും അതിന്റെ ഫലപ്രാപ്തിയെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മാത്രമല്ല ഇത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. പ്ലാസ്മാ തെറാപ്പിക്ക് അടിയന്തര അംഗീകാരം നല്‍കുമെന്ന് ഇന്നലെ യു എസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നെങ്കിലും വൈറ്റ്ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ അമേരിക്കയില്‍ 5,874,146 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 180,604 പേര് മരിക്കുകയും ചെയ്തു. നിലവില്‍ 2,526,479 കൊവിഡ് രോഗികളാണ് ചികില്‍സയിലുള്ളത്.