ന്യൂഡല്‍ഹി: അധോലോക നായകന് ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സ്ഥിരീകരിച്ച് പാക്കിസ്ഥാന്. ദാവൂദിന്റെ കറാച്ചിയിലെ വിലാസവും പാക്കിസ്ഥാന് പുറത്തുവിട്ടു. ദാവൂദ് പാക്കിസ്ഥാനില്‍ ഇല്ലെന്നായിരുന്നു ഇതുവരെ പാക് അധികൃതര്‍ പറഞ്ഞിരുന്നത്- എന്‍ഡി ടിവി റിപ്പോര്‍ട്ട്.
രാജ്യാന്തര സാമ്ബത്തിക ഉപരോധത്തില്‍നിന്നും രക്ഷപെടുന്നതിനു വേണ്ടിയാണ് ദാവൂദ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടകള്‍ക്കെതിരെ പാക്കിസ്ഥാന് തിരിയാന്‍ കാരണമായത്.
കറാച്ചിയിലെ ക്ലിഫ്ടണിലെ സൗദി മോസ്കിന് സമീപം വൈറ്റ് ഹൗസ് എന്നാണ് ദാവൂദിന്റെ വിലാസം. ഭീകരര്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്നതിന് എതിരായ യു.എന്‍ നടപടിയുടെ ഭാഗമായാണ് പാക്കിസ്ഥാന് ദാവൂദിന്റെ വിലാസം പുറത്തുവിട്ടത്.
പാരിസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എഫ്എടിഎഫ് (ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്) പാക്കിസ്ഥാനെ 2018 ജൂണില്‍ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഭീകരപ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് 2019 അവസാനത്തോടെ പ്രവര്‍ത്തന പദ്ധതി നടപ്പിലാക്കാന്‍ പാക്കിസ്ഥാനോട് സംഘടന ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമയപരിധി നീട്ടിനല്‍കുകയായിരുന്നു. എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതോടെ രാജ്യാന്തര സാമ്ബത്തിക സഹകരണം കുറയും. ഇതില്‍ നിന്നും രക്ഷപെടാനാണ് പാക്കിസ്ഥാന്റെ ശ്രമം.
ഇതിന്റെ ഭാഗമായി ദാവൂദ് ഇബ്രാഹിം, ഹാഫിസ് സയീദ്, മസൂദ് അസര്‍ എന്നിവരുള്‍പ്പെടെ 12 ഭീകരരുടെ സ്വത്ത് കണ്ടുകെട്ടാനും പാക്കിസ്ഥാന് തീരുമാനിച്ചു. 88 നിരോധിത ഭീകര സംഘടനകളുടെ സ്വത്ത് കണ്ടുകെട്ടും. ബാങ്ക് ഇടപാടുകളും മരവിപ്പിക്കും. ദാവൂദ് ഉള്‍പ്പെടെയുള്ളവര്‍ക്ക് യാത്രാവിലക്കും ഏര്‍പ്പെടുത്തി.