ന്യൂഡൽഹി : ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ അടക്കം അഞ്ച് കായിക താരങ്ങൾ ഖേൽരത്ന പുരസ്കാരത്തിന് അർഹരായി.രോഹിത്തിന് പുറമെ ഗുസ്തി താരം വിനേഷ് ഫോഗട്ട്, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര, പാരാലിംപിക്സ് താരം തങ്കവേലു മാരിയപ്പന് എന്നിവർക്കാണ് ഖേൽരത്ന ലഭിച്ചിരിക്കുന്നത്.
സച്ചിന് ടെന്‍ഡുല്‍ക്കര്‍, എം എസ് ധോണി, വിരാട് കോലി എന്നിവര്‍ക്കുശേഷം ഖേല്‍രത്ന പുരസ്കാരം ലഭിക്കുന്ന നാലാമത്തെ ക്രിക്കറ്റ് താരമാണ് രോഹിത് ശര്‍മ. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിലെ അഞ്ച് സെഞ്ചുറിയടക്കം ആകെ ഏഴ് സെഞ്ചുറികള്‍ നേടിയ രോഹിത് ഏകദിനത്തില്‍ കഴിഞ്ഞ കലണ്ടര്‍വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാനുമായിരുന്നു.
ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണം നേടിയതാണ് വിനേഷ് ഫോഗട്ടിനെ ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് വിനേഷ് ഫോഗട്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും ഏഷ്യന്‍ ഗെയിംസില്‍ വെങ്കലുവും നേടിയാണ് ടേബിള്‍ ടെന്നീസ് താരം മണിക ബത്ര ഖേല്‍രത്നക്ക് അര്‍ഹയായത്.
2016ലെ റിയോ പാരാലിംപിക്സ് ഗെയിംസില്‍ ഹൈജംപിലെ സ്വര്‍ണനേട്ടമാണ് മാരിയപ്പന് തങ്കവേലുവിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹയാവുന്ന മൂന്നാമത്തെ മാത്രം ഹോക്കി താരവും ആദ്യ വനിതാ താരവുമാണ് ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍.
മലയാളി പരിശീലക ജിന്‍സി ഫിലിപ്പ് അത്ലറ്റിക്സ് വിഭാഗത്തില്‍ ധ്യാന്‍ചന്ദ് പുരസ്കാരത്തിന് അര്‍ഹയായി. ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ, ഫുട്ബോള്‍ താരം സന്ദേശ് ജിംഗാന്, അത്ലറ്റ് ദ്യുതീ ചന്ദ് എന്നിവരടക്കം 27 പേരാണ് അര്‍ജുന പുരസ്കാരത്തിന് അര്‍ഹരായിരിക്കുന്നത്.
ധര്‍മേന്ദ്ര തിവാരി (അമ്പെയ്ത്ത്), പുരുഷോത്തം റായ് (അത്ലറ്റിക്സ്), ശിവ് സിങ് (ബോക്സിങ്), റൊമേഷ് പതാനിയ (ഹോക്കി), കൃഷന് കുമാര്‍ ഹൂഡ (കബഡി), നരേഷ് കുമാര്‍ (ടെന്നീസ്), ഓം പര്‍കാഷ് ദഹിയ (ഗുസ്തി), വിജയ് ബാലചന്ദ്ര (പാരാ പവര്‍ലിഫ്റ്റിങ്) എന്നിവരാണ് ലൈഫ് ടൈം വിഭാഗത്തില്‍ ദ്രോണാചാര്യ പുരസ്കാരത്തിന് അര്‍ഹരായിരിക്കുന്നത്.
ദേശീയ കായിക ദിനമായി ആഗസ്റ്റ് മാസം 29-ാം തീയതിയാണ് പ്രഖ്യാപനവും വിതരണവും നടത്തുക. ബഹുമതികള്‍ രാഷ്ട്രപതി ഇത്തവണ നല്‍കുന്നത് വെര്‍ച്വല്‍ സംവിധാനത്തിലൂടെയാകും. രാഷ്ട്രപതി ഭവനിലെ സെന്റര്‍ ഹാളില്‍ നടന്നിരുന്ന പരിപാടിയാണ് കൊറോണ സുരക്ഷ പ്രമാണിച്ച് വിവിധ സംസ്ഥാനങ്ങളിലെ ദേശീയ കായിക അതോറിറ്റി കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുന്നത്. അതാത് കേന്ദ്രത്തിലെ മേധാവിമാരുടെ നേതൃത്വത്തില്‍ കായികതാരങ്ങളെ സ്വീകരിക്കുകയും ഡല്‍ഹിയിലെ ചടങ്ങില്‍ എല്ലാവരും വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.