മലപ്പുറം: മലപ്പുറം ജില്ലയില്‍ 242 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. 226 പേര്‍ക്കാണു സന്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 11 പേര്‍ക്ക് ഉറവിടമറിയാതെയും 215 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സന്പര്ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 12 പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
ജില്ലയില്‍ 194 പേര് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. ഇതുവരെ 3,153 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
37,531 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,773 പേര് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 411 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 16, തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട്, നിലന്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന്, കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 98, ചുങ്കത്തറ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 142, മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 71, പെരിന്തല്‍മണ്ണ എംഇഎസ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 127, കീഴാറ്റൂര്‍ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 35, കോട്ടക്കല്‍ ആര്യവൈദ്യ ശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 24, കരിപ്പൂര്‍ ഹജ് ഹൗസില്‍ 232, കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 612 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 34,548 പേര് വീടുകളിലും 1,210 പേര് കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.