ഗൂഗിളിന്റെ ഡിജിറ്റൽ വാലറ്റ് സേവനമായ ഗൂഗിൾ പേ കഴിഞ്ഞ ദിവസം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും അപ്രത്യക്ഷമായത് വാർത്തകളിൽ നിറഞ്ഞിരുന്നു. പുതിയ ഉപയോക്താക്കൾക്ക് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കാത്ത വിധം അപ്രത്യക്ഷമായിരുന്ന ഗൂഗിൾ പേ ഇപ്പോൾ പ്ലേ സ്റ്റോറിൽ തിരിച്ചെത്തിയിരിക്കുകയാണ്. പല ഉപയോക്താക്കളും ഗൂഗിൾ പേ ആപ്പ് പ്ലേ സ്റ്റോറിൽ കാണുന്നില്ല എന്ന പരാതികൾ ഉന്നയിച്ചിരുന്നു. ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇത് സംബന്ധിച്ച പലരും പോസ്റ്റ് ചെയ്തിരുന്നു.
ഇന്നലെ പുതുതായി ഗൂഗിൾ പേ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിച്ച ഉപയോക്താക്കൾക്കാണ് ആപ്പ് പ്ലേ സ്റ്റോറിൽ കണ്ടെത്താൻ സാധിക്കാതെ വന്നത്. അപ്പോഴും ഗൂഗിൾ പേയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ആപ്പ് ഡൌൺലോഡ് ചെയ്യാനുള്ള സംവിധാനം ലഭ്യമായിരുന്നു. ഗൂഗിളിന്റെ തന്നെ ആപ്പ് പ്ലേ സ്റ്റോറിൽ നിന്നും അപ്രത്യക്ഷമായത് പല ഉപയോക്താക്കളെയും ആശങ്കയിലാക്കി.
ഇന്ത്യയിൽ ധാരാളം ഉപയോക്താക്കളുള്ള ഡിജിറ്റൽ വാലറ്റ് സേവനമാണ് ഗൂഗിൾ പേ. പ്ലേ സ്റ്റോറിൽ നിന്നും ഉപയോക്താക്കൾക്ക് ഗൂഗിൾ പേ ആപ്പ് ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നില്ലെന്നും ഇത് പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും ഇന്നലെ ഗൂഗിൾ പേ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. തകരാർ ശ്രദ്ധയിൽപ്പെട്ട് കുറച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രശ്നം പരിഹരിക്കാനും ഗൂഗിൾ പേ അധികൃതർക്ക് സാധിച്ചു. ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ആപ്പ് അപ്ഡേറ്റഡ് വേർഷനാണ് എന്നതാണ് ശ്രദ്ധേയം.
ഇന്ത്യയിൽ യുപിഐ സേവനങ്ങളുമായി ചേർന്നാണ് ഗൂഗിൾ പേ പ്രവർത്തിക്കുന്നത്. ചില അവസരങ്ങളിൽ ഗൂഗിൾ പേ വഴി പണം കൈമാറുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. ഇത്തരം സന്ദർഭങ്ങളിൽ ഉപയോക്താവിന്റെ പണം നഷ്ടമാകാതിരിക്കാൻ ഗൂഗിൾ പേ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മിക്കപ്പോഴും തടസം നേരിടുന്ന പണമിടപാടുകളിൽ റീഫണ്ട് ചെയ്ത് പണം അയച്ച ആൾക്ക് തന്നെ അത് തിരകെ ലഭിക്കുന്ന രീതിയിലുള്ള പരിഹാരമാണ് ഗൂഗിൾ പേ ചെയ്യുന്നത്.
കഴിഞ്ഞയാഴ്ച്ച എസ്ബിഐ ബാങ്കിന്റെ യുപിഐ സെർവറിലുണ്ടായ തകരാർ കാരണം പല ഉപയോക്താക്കൾക്കും ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്യാൻ സാധിക്കാത്ത സന്ദർഭം ഉണ്ടായിരുന്നു. ഇത് പലരിലും ആശങ്ക ഉണ്ടാക്കിയെങ്കിലും എസ്ബിഐ അധികൃതർ സെർവർ തകരാറ് പരിഹരിച്ചതോടെ ഈ പ്രശ്നം അവസാനിച്ചു. ഇന്ത്യയിൽ ധാരാളം ആളുകൾ ഉപയോഗിക്കുന്ന ഗൂഗിൾ പേ ആപ്പിന് നോട്ട് നിരോധനത്തിന് ശേഷമാണ് പ്രചാരം ലഭിച്ചത്. നേരത്തെ ടെസ് എന്ന പേരിലായിരുന്നു ഈ ആപ്പ് അറിയപ്പെട്ടിരുന്നത്.
കഴിഞ്ഞ ദിവസം പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് അപ്രത്യക്ഷമായതിന്റെ കാരണം ഇതുവരെ ഗൂഗിൾ പേ വ്യക്തമാക്കിയിട്ടില്ല. പ്ലേ സ്റ്റോറിലെ സെർച്ച് ബാറിൽ ഗൂഗിൾ പേ എന്ന് സെർച്ച് ചെയ്താൽ റിസൾട്ടിൽ ആപ്പ് ലഭ്യമായിരുന്നില്ല എന്നതാണ് ശ്രദ്ധേയം. ഈ തകരാർ പരിഹരിക്കുകയും ആപ്പിന്റെ അപ്ഡേറ്റഡ് വേർഷൻ തന്നെ പ്ലേ സ്റ്റോറിൽ എത്തുകയും ചെയ്തു. ലോക്ക്ഡൌൺ കാലത്ത് ഇന്ത്യയിലെ വലിയൊരു വിഭാഗത്തിന് ഏറെ സഹായകരമായ സേവനങ്ങളിലൊന്നാണ് ഗൂഗിൾ പേ.