ചൈനയിലെ വുഹാൻ ബയോസേഫ്റ്റി ലാബ് ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രം. ലോകത്തെ അപ്പാടെ വിഴുങ്ങിയ കൊറോണ വൈറസ് പ്രഭവകേന്ദ്രമെന്ന ആരോപണമാണ് ലാബിനെ ലോക ശ്രദ്ധാകേന്ദ്രമാക്കിയത്. പടിഞ്ഞാറൻ രാഷ്ട്രങ്ങൾ പ്രത്യേകിച്ചും യുഎസ് ഭരണകൂടമാണ് വുഹാൻ പരീക്ഷണശാലയെ ആരോപണങ്ങളുടെ പരീക്ഷണശാലയാക്കിയത്.
ആരോപണങ്ങൾപേറുന്ന വുഹാൻ ബയോസേഫ്റ്റി ലാബ് മറ്റൊരു ദിശയിൽ ഇപ്പോൾ ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രം. അമേരിക്കൻ സർക്കാരിൻ്റെ ചെല്ലും ചെലവിലും ഈ ലാബ് പ്രവർത്തിക്കുന്നുവെന്ന വെളിപ്പെടുത്തലാണ് ഇപ്പാൾ ശ്രദ്ധേയം. ബ്രിട്ടൻ ആസ്ഥാനമായുള്ള ‘ഡെയ് ലി മെയിൽ‘ യെന്ന ഓൺലൈൻ പത്രത്തിൻ്റേതാണ് വെളിപ്പെടുത്തൽ. യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) എന്ന യുഎസ് ഭരണകൂട ഏജൻസിയുടെ 3.7 ദശലക്ഷം ഡോളർ ഗവേഷണ ഗ്രാൻ്റിലാണ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ പ്രവർത്തനങ്ങളെന്നാണ് ഈ പത്രം പറയുന്നത്. അതേസമയം പത്രം പറയുന്ന അമേരിക്കൻ ധനസഹായമെന്നതിൽ വസ്തുതാപരമായ പിശകുകളുണ്ടെന്ന വെളിപ്പെടുത്തലുകളും ലോക ശ്രദ്ധയിലുണ്ട്.
വിവാദ ലാബ്-4
2002- 2003 ൽ ചൈനയിൽ സാസ് (Severe acute respiratory syndrome ) വൈറസ് വ്യാപനം. 775 ഓളം പേരുടെ ജീവനെടുത്തു വൈറസ്. ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിലും അതിൻ്റെ അനുരണനങ്ങൾ. ഈ പശ്ചാത്തലത്തിലാണ് ചൈനീസ് അക്കാദമി ഓഫ് സയൻസസ് ഡബ്ല്യുഐവി (വുഹാൻ വൈറോജി ഇൻസ്റ്റിറ്റ്യൂട്ട്) യിൽ ചൈനയുടെ ആദ്യത്തെ ബയോ സേഫ്റ്റി ലെവൽ 4 (ബിഎസ്എൽ -4) ലബോറട്ടറി നിർമ്മിക്കപ്പെടുന്നത്. പകർച്ചവ്യാധികളെ പ്രതി ഉന്നത നിലവാരത്തിലുള്ള ഗവേഷണ-പരീക്ഷണങ്ങളിലേർപ്പെട്ടിരിക്കുന്ന ലിയോൺ ആസ്ഥാനമായ ഫ്രഞ്ചു സർക്കാർ സ്ഥാപന (CIRI Lab) ത്തിൻ്റെ സഹകരണത്തോടെ 2014 ലാണ് ലാബ് പ്രവർത്തന സജ്ജമായത്. 300 ദശലക്ഷം യുവാൻ (44 ദശലക്ഷം ഡോളർ) ചെലവ്.
കൊറോണ വൈറസ് ഉറവിടത്തിൻ്റെ പേരിൽ ചൈനയെ പ്രതിക്കൂട്ടിൽ നിറുത്തുന്നവരാണ് അമേരിക്കയടക്കമുള്ള പടിഞ്ഞാറൻ രാജ്യങ്ങൾ. ഇവരുടെ തന്നെ പണമാണ് പക്ഷേ കൊറോണ വൈറസിന് വളരാൻ വളംമായത്. പുറത്തുചാടാൻത്തക്ക ഉറവിടമൊരുക്കികൊടുത്തത്. അമേരിക്കൻ ധനസഹായമെന്ന ഡെയിലി മെയിൽ വെളിപ്പെടുത്തലിൻ്റെ ആധികാരികത ചോദ്യംചെയ്യപ്പെടുന്നില്ലെങ്കിൽ ഇത് ലോകത്തെ ആശ്ചര്യപ്പെടുത്തുകയാണ്.
വുഹാൻ ലാബ്- 4ൽ 1500 ലധികം മാരകമായ വൈറസുകൾ സൂക്ഷിക്കുന്നുണ്ട്. മാരക രോഗകാരികളെ പ്രത്യേകിച്ച് വവ്വാലുകൾ വഹിക്കുന്ന വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തിലാണ് ലാബ്- 4ൻ്റെ മുഖ്യ ഊന്നൽ. കോവിഡ് -19 ജനിതക ഘടന യുനാൻ ഗുഹകളിൽ നിന്നുള്ള വവ്വാലുകളിലാണ് വുഹാൻ ലാബ്-4 കണ്ടെത്തിയത്. കൊറോണ വൈറസ് വാഹക വവ്വാലുകൾ ലാബ് – 4 ൽ ഗവേഷണത്തിലാണെന്നതാണ് അവിടെ നിന്നുള്ള വൈറസ് ചോർച്ച അനുമാനിക്കപ്പെടുന്നതിൻ്റെ പിൻബലം.
കോവിന്-19 വ്യാധി ആരംഭിച്ചതുമുതൽ വുഹാൻ ലാബ്- 4 വിവാദ കേന്ദ്രം. യുഎസ് മോളിക്യുലർ ബയോളജിസ്റ്റ് റിച്ചാർഡ് എച്ച്. എബ്രൈറ്റിനെപ്പോലുള്ള ശാസ്ത്രജ്ഞരാണ് വുഹാൻ ലാബ്- 4നെ സംശയത്തിൻ്റെ മുൾമുനയിൽ നിറുത്തുന്നതിൽ മുൻപന്തിയിലെത്തിയത്. ചൈനീസ് ലബോറട്ടറികളിൽ നിന്ന് 2002-03 കാലയളവിൽ സാർസിന് കാരണമായ വൈറസ് ചോർന്നിരുന്നുവെന്ന ആശങ്ക എബ്രൈറ്റ് പ്രകടിപ്പിച്ചിരുന്നുവെന്നത് ശ്രദ്ധേയം. സാർസിനു ശേഷമാണ് ലാബ്- 4ൽ നിർമ്മിക്കപ്പെടുന്നത്.(https://en.wikipedia.org/wiki/Wuhan_Institute_of_Virology)
നിലവിലുള്ള ലാബുകളുടെ സുരക്ഷയിൽ ചൈനീസ്സർക്കാരിന് സംശയംജനിച്ചതുകൊണ്ടായിരിക്കാം ലാബ്-4ൻ്റെ നിർമ്മാണം. മാരകമായ വൈറസുകളെ തളച്ചിടുന്നതിൽ പക്ഷേ ലാബ്- 4ഉം പരാജയപ്പെട്ടുവോ? ചൈന പറയുന്നത് ഇല്ലെന്നു തന്നെയാണ്. പക്ഷേ ലോകത്ത് മഹാമാരിവിതറുന്ന കൊറോണ വൈറസ് ലാബിൽ നിന്ന് പുറത്തുചാടിയെന്ന സംശയം ബലപ്പെടുത്തുകയാണ് സാർസ് വ്യാപന വേളയിൽ ഡോ.എബ്രൈറ്റ് ഉയർത്തിയ ആശങ്ക. സാർസ് വൈറസ് ചോർച്ചയെന്ന എബ്രൈറ്റിൻ്റേതടക്കമുള്ള ശാസ്ത്രജ്ഞരുടെ ആശങ്കക്ക് മറുപടിയായാണ് അതീവ സുരക്ഷായാർന്നയെന്നവകാശപ്പെട്ടുള്ള ലാബ് – 4 ൻ്റെ നിർമ്മിക്കപ്പെട്ടതെന്ന പ്രചരണങ്ങളുണ്ട്.
ഭിന്നതയാർന്ന അഭിപ്രായങ്ങൾ
വുഹാൻ ലാബുകളിൽ കോവിഡ് – 19 സൃഷ്ടിക്കപ്പെട്ടതിന് തെളിവുകൾ നിരത്താനില്ല. പരീക്ഷണ-വിശകലനങ്ങൾക്കിടെ വൈറസ് അവിടെ നിന്ന് എളുപ്പത്തിൽ രക്ഷപ്പെട്ടിട്ടുണ്ടാകാമെന്ന അഭിപ്രായം പങ്കുവയ്ക്കപ്പെടുന്നുണ്ട്. ന്യൂജേഴ്സി റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റി വക്‌സ്‌മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബയോളജിയിലെ ബയോസെക്യൂരിറ്റി വിദഗ്ധൻ പ്രൊഫ. റിച്ചാർഡ് എബ്രൈറ്റാണ് ഇത്തരമൊരു അഭിപ്രായം പങ്കുവയ്ക്കുന്നത്.
ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോളിലെയും വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെയും ശാസ്ത്രജ്ഞർ വൈറസുകളെപ്രതി ഗവേഷണ – പരീക്ഷണങ്ങളിലേർപ്പെട്ടിരുന്നത് നിർദ്ദേശിക്കപ്പെട്ടിരുന്ന ലെവൽ – 4 സുരക്ഷാ മാനദണ്ഡങ്ങൾക്ക് പകരം ലെവൽ – 2 സുരക്ഷയിലായിരുന്നുവെന്ന തെളിവുകൾ കണ്ടതായി പ്രൊഫ. എബ്രൈറ്റ് പറയുന്നു. ലെവൽ -2 അന്തരീക്ഷം മനുഷ്യരിലേക്ക് വൈറസ് പകരാതിരിക്കുന്നതിനുള്ള മിനിമം സുരക്ഷ മാത്രമാണ്. ലാബ് ജീവനക്കാർക്ക് വൈറസ് ബാധയേൽക്കുമ്പോഴത് അപകട സാധ്യത വർധിപ്പിക്കുന്നു. കാരണം ലാബ് ജീവനക്കാരിൽ നിന്നത് പൊതുജനങ്ങളിലെത്തുന്നു – അദ്ദേഹം ചൂണ്ടികാണിക്കുന്നു.
സാർസ്-സിഒവി-2 എന്നറിയപ്പെടുന്ന വൈറസ് ജൈവായുധമായി ബിഎസ്‌എൽ-4 ലാബിൽ നിർമ്മിച്ചെടുത്തതാകാമെന്ന്ചിലർ അവകാശപ്പെടുന്നു. ഇത് ലാബിൽ നിന്ന് രക്ഷപ്പെട്ടതായി സംശയിക്കുന്നവരുമുണ്ട്. ഇതെല്ലാം പക്ഷേ ചൈന പലതവണ നിഷേധിച്ചു. കൊറോണ വൈറസുമായി ലാബിന് ബന്ധമേതുമില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ ചൈനയുടെ ‘ബാറ്റ് വുമൺ’ എന്നറിയപ്പെടുന്ന ഷി ഷെങ്‌ലി ഫെബ്രുവരിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തിൽ സ്വന്തം ജീവൻ തന്നെ ഉറപ്പെന്ന് ഷെങ് ലി ആണയിട്ടു. അതേസമയം വവ്വാലുകൾ പരത്തുന്ന വൈറസുകളിൽ നിന്നുള്ള പകർച്ചവ്യാധികളുടെ അപകടത്തെക്കുറിച്ച് അവർ മുന്നറിയിപ്പ് നൽകിയെന്നത് ശ്രദ്ധേയമായി.
ബോസ്റ്റൺ യൂണിവേഴ്സിറ്റി മെഡിസിൻ – ഇന്റർനാഷണൽ ഹെൽത്ത് വിഭാഗത്തിലെ ഡോ. കഷ്ച്ച് വുഹാൻ പോലെയുള്ള ലാബിൽ നിന്ന് വൈറസുകൾ പുറത്തുപോകുന്നതിനുള്ള സാധ്യത കാണുന്നില്ല. അത്യന്തം ഉന്നത നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളോടെയാണ് വുഹാൻ ലാബ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉയർന്ന പരിശീലനം സിദ്ധിച്ചവരാണ് ലാബിലെ ശാസ്ത്രജ്ഞർ. ടെക്സസിലെ ഗൽവെസ്റ്റണിലെ ലബോറട്ടറിയിൽ പരിശീലനം സിദ്ധിച്ചവരാണ് ഗവേഷകവൃന്ദം. അതിനാൽ വുഹാൻ ടീം ടെക്സസ് ഗ്രൂപ്പിനെപ്പോലെ യോഗ്യതയുള്ളവരാണെന്നറിയാം. ലാബിൽ നിന്ന് വൈറസ് ചോർച്ചയുടെ സാധ്യതയില്ലെന്നു തന്നെയാണ് ഡോ. കഷ്ച്ചിൻ്റെ വാദം.
വുഹാൻ പക്ഷി – കാലി – മത്സ്യ ചന്തയാണ് വൈറസ് പ്രഭവകേന്ദ്രമെന്ന് വാദിക്കപ്പെടുമ്പോൾ വുഹാൻ ജിൻയിന്റാൻ ഹോസ്പിറ്റലിലെ ഡോ. കാവോ ബിൻ്റെ വാദം ലാബിലേക്കെത്താതിരിക്കുന്നില്ല. ഇദ്ദേഹം ചികിത്സിച്ച ആദ്യത്തെ 41 ൽ 13 പേർക്ക് അണുബാധയുണ്ടെന്ന് കണ്ടെത്തി. എന്നാൽ അവരിലാരും ചന്തയുമായി സമ്പർക്കമുണ്ടായവരല്ല. വൈറസ് വ്യാപന കേന്ദ്രമെന്നത് ചന്ത മാത്രമല്ലെന്നാണ് ഡോ. കാവോബിൻ്റെ വെളിപ്പെടുത്തൽ മുന്നോട്ടുവയ്ക്കുന്നത്.
പ്രബന്ധ പരിശോധ
കൊറോണ വൈറസ് ഉത്ഭവത്തെപ്പറ്റിയുള്ള ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധികരിക്കപ്പെടുന്നതിനു മുമ്പ് ഔദ്യോഗിക പരിശോധനയ്ക്ക് വിധേയമാക്കണമെന്നുണ്ട്. എന്നാലത് പാലിക്കപ്പെടുന്നില്ല. രണ്ട് പ്രമുഖ ചൈനീസ് സർവകലാശാലകളുടെ വെബ്‌സൈറ്റുകളിൽ ഈയ്യിടെ കൊറോണ വൈറസ് ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. കോവിഡ് -19 നെക്കുറിച്ചുള്ള അക്കദമിക് പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നതിന് മുമ്പ് കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന പുതിയ നയത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പേജുകളടക്കം പക്ഷേ പിന്നീട് ഒഴിവാക്കപ്പെട്ടതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു.
കൊറോണ വൈറസിനെ ചുറ്റിപ്പറ്റിയുള്ള ആഖ്യാനങ്ങൾ നിയന്ത്രിക്കുന്നതിൽ ചൈനീസ് സർക്കാർ ഏറെ ജാഗരൂകരാണ്. പൊതുജനാരോഗ്യത്തേക്കാളും സാമ്പത്തിക തകർച്ചയേക്കാളും കൂടുതൽ ശ്രദ്ധയാണ് ഇക്കാര്യത്തിൽ – ലണ്ടനിലെ എസ്‌ഒഎഎസ് ചൈന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. സ്റ്റീവ് സാങ് പറയുന്നു. വെബ്‌സൈറ്റുകളിൽ നീക്കം ചെയ്യപ്പെട്ടവയിൽ നിന്ന് മനസ്സിലാക്കപ്പെടുന്നത് കൊറോണ വൈറസ് ഗവേഷണത്തിൽ നിന്ന് ചൈന പലതും മറച്ചുപിടിക്കുന്നുവെന്നതാണ് – ഡെയ് ലി മെയിൽ പറയുന്നു.
വൈറസ് വ്യാപന ആദ്യ നാളുകളിൽ തന്നെ കൊറോണ വൈറസിന്റെ ജനിതക രൂപീകരണം അനാവരണം ചെയ്ത ചൈനീസ് ശാസ്ത്രജ്ഞന്റെ കണ്ടെത്തലുകൾ ബീജിംഗ് അധികൃതർ പരിശോധിച്ചിരുന്നു. വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ഡയഗ്നോസ്റ്റിക് ടെസ്റ്റുകളും വാക്സിനുകളും വികസിപ്പിച്ചെടുക്കുന്നതിന് നിർണായകമാകുമെന്നതിനാലത് ചൈനീസ് ഭരണകൂടം മറച്ചുവച്ചുവെന്ന വാദങ്ങളുടെ ഉപജ്ഞാതാക്കളുമുണ്ട്. വുഹാൻ നഗരത്തിൽ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ ചൈന മറച്ചുവച്ചുവെന്ന ആക്ഷേപങ്ങൾക്ക് പിന്നിലിത് പ്രതിഫലിയ്ക്കാതിരുന്നിട്ടുണ്ടാകില്ല.
യുഎസ് നിയമനിർമ്മാതാക്കളുടെ ഭിന്നസ്വരം
വവ്വാലുകളിലെ പരീക്ഷണ-ഗവേഷണത്തിനായ് അമേരിക്കൻ പണം സ്വീകരിക്കുന്നതിന് വുഹാൻ ലബോറട്ടറിയുടെ ലൈസൻസ് തുടരുകയാണ്. അമേരിക്കയുടെ അലബാമ, നോർത്ത് ടെക്സാസ്, ഹാർവാർഡ് യുണിവേഴ്സിറ്റികളും നാഷണൽ വൈൽഡ്‌ലൈഫ് ഫെഡറേഷനും ലാബ്- 4 ൻ്റെ പങ്കാളികളത്രെ. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ അപകടകരവും ക്രൂരവുമായ മൃഗ പരീക്ഷണങ്ങൾക്ക്; യുഎസ് ധനസഹായം നൽകുന്നതിനെതിരെ നിയമ നിർമ്മാതാക്കളും സമ്മർദ്ദ ഗ്രൂപ്പുകളും കടുത്ത വിമർശനങ്ങൾ ഉയർത്തുന്നുവെന്നാണ് ഡെയ് ലി മെയിൽ പത്രം പറയുന്നത്.
വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വർഷങ്ങളായി യുഎസ് സർക്കാർ അപകടകരവും ക്രൂരവുമായ മൃഗ പരീക്ഷണങ്ങൾക്ക് ധനസഹായം നൽകുന്നുണ്ടെന്നറിഞ്ഞതിൽ തനിക്ക് ശക്തമായ അമർഷമുണ്ട്. ഈ ലാബ് കൊറോണ വൈറസിന്റെ ആഗോള വ്യാപനത്തിന് കാരണമായിട്ടുണ്ടാകാം. ചൈനയിലെ മറ്റു ലാബുകളിലും ഈ വൈറസ് വ്യാപനമുണ്ടായിട്ടുണ്ടാകാം. അമേരിക്കൻ ധനസഹായത്തിലുള്ള ഇവിടെയൊന്നും യുഎസ് അധികാരികളുടെ മേൽനോട്ടവുമില്ല. ഇത് യുഎസ് കോൺഗ്രസ് അംഗം മാറ്റ് ഗെയ്റ്റസിൻ്റെ വാക്കുകൾ.
അമേരിക്കൻ ജനതയുടെ നികുതി പണം ചൈനയിൽ ചെലവഴിച്ചതിനെതിരെ യുഎസ് സമ്മർദ്ദ സംഘടന വൈറ്റ് കോട്ട് വേസ്റ്റിന്റെ പ്രസിഡന്റ് ആന്റണി ബെലോട്ടിയും രംഗത്തുണ്ട്. ചൈനീസ് ലാബുകളിൽ പരീക്ഷണത്തിനുപയോഗിക്കപ്പെട്ട വൈറസ് ബാധിച്ച, രോഗം ബാധിച്ച മൃഗങ്ങളെ ഉപഭോഗത്തിനായി മത്സ്യ-മാംസ വിപണികളിൽ വിൽക്കപ്പെടുന്നുവെന്ന റിപ്പോർട്ടുകളുടെ പിൻബലത്തിലാണ് ആന്റണി ബെലോട്ടിയുടെ വിമർശനം.
വാർത്തകൾ ശരിയല്ലെന്ന്
വിവാദ വുഹാൻ ലാബ് – 4 ന് അമേരിക്കൻ സർക്കാർ ധനസഹായമെന്നതിൽ വസ്തുതകളില്ലെന്ന വസ്തുത കളും വെളിച്ചത്തുവന്നിട്ടുണ്ടെന്നതും ശ്രദ്ധേയം. മാരകമായ രോഗവാഹക പ്രത്യേകിച്ചും വവ്വാലുകളിലെ വൈറസുകളക്കുറിച്ചുള്ള ഗവേഷണ പദ്ധതിക്ക് ഫണ്ട് ചെയ്തിരുന്നതായി അമേരിക്കൻ എൻഎച്ച്ഐ സമ്മതിക്കുന്നുണ്ട്. യുഎസ് ആസ്ഥാനമായുള്ള ഇക്കോ ഹെൽത്ത് അലയൻസ് എന്ന എൻജിഒയ്ക്കാണ് തങ്ങൾ ഫണ്ട് ചെയ്തതെന്ന വാദമാണ് എൻഎച്ച്ഐ ഉയർത്തുന്നത്. (https://thelogicalindian.com/amp/fact-check/barack-obama-dr-anthony-fauci-melinda-gates-lab-wuhan-china-bat-22431)
വവ്വാലുകളുടെ രക്തം, ഉമിനീർ, കാഷ്ഠം എന്നിവയുടെ സാമ്പിളുകൾ ശേഖരിക്കുകയെന്നത് പദ്ധതിയുടെ ഭാഗമായിരുന്നു. ഇതിനായി സംഘത്തെ ചൈനയിലേക്ക് അയച്ചിരുന്നു. 2002-03 ലെ സാസിനു ശേഷം ആഗോള പകർച്ചവ്യാധിക്ക് കാരണമാകാനിടയുള്ള പുതിയ കൊറോണ വൈറസുകളുടെ സാമ്പിളുകൾ പരിശോധിക്കുക. നിരീക്ഷിക്കേണ്ട സ്ഥലങ്ങൾ തിരിച്ചറിയുക. മനുഷ്യരിലേക്ക് വൈറസ് വ്യാപനം തടയുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുക. വാക്സിനുകളും ചികിത്സാവിധികളും വികസിപ്പിച്ചെടുക്കുക. ഇതെല്ലാമായിരുന്നു വവ്വാൽ പ്രോജക്ടെന്ന പേരിലറിയപ്പെട്ട ഗവേഷണ പദ്ധതിയുടെ ലക്ഷ്യങ്ങളെന്ന് വസ്തുതാ ‘അന്വേഷകർ’ പറയുന്നു.
അമേരിക്കൻ എൻഎഎച്ച് ഗ്രാന്റ് യഥാർത്ഥത്തിൽ 3.4 മില്യൺ ഡോളറായിരുന്നു. പ്രചരിപ്പിക്കപ്പെടുമ്പോലെ 3.7 മില്യണല്ല. ഗ്രാൻ്റ് പക്ഷേ ഇക്കോ ഹെൽത്ത് അലയൻസിനാണ് നൽകിയത്. 2014 ലാണ് അലയൻസിന് ആദ്യമായി ഗ്രാന്റ് ലഭിക്കുന്നത്. 2019 ൽ അഞ്ച് വർഷത്തേക്ക് കൂടി പുതുക്കി – ഇക്കോ ഹെൽത്തിന്റെ വക്താവ് റോബർട്ട് കെസ്ലർ 2020 മെയിൽ ‘ഫാക്റ്റ്ചെക്ക്.ഓർഗി’ (factcheck.org) നോട് പറഞ്ഞു.
2019 ൽ 292161 ഡോളർ ഇക്കോഹെൽത്തിന് ലഭിച്ചു (മൊത്തം 3.4 മില്യൺ ഡോളറിന്റെ ഒരു ഭാഗം ). കൊറോണ വൈറസ് ഉറവിടമെന്ന ആരോപണത്തിൽ കുടുങ്ങിയതോടെ വുഹാൻ ലാബുകൾക്ക് വർഷങ്ങളേേറെയായി നൽകികൊണ്ടിരുന്നു ഗ്രാന്റ് ട്രമ്പ് ഭരണകൂടം 2020 ഏപ്രിലിൽ നിറുത്തിവച്ചു. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി ഇക്കോഹെൽത്ത് പ്രവർത്തിച്ചിരുന്നു. ലാബിന് പക്ഷേ ലഭിച്ചത് 600000 ഡോളർ മാത്രം – കെസ്ലർ വ്യക്തമാക്കുന്നു.
ടെക്ക് ഭീമന്മാരും ഗൂഢാലോചനക്കാർ?
ഒരു ഭാഗത്ത് കൊറോണ വൈറസ് വ്യാപനത്തെപ്രതി ചൈനയെ പ്രതികൂട്ടിൽ നിറുത്തുന്ന ഗുഢാലോചന സിദ്ധാന്തക്കാർ. മറുഭാഗത്താകട്ടെ ചൈനയെ പ്രതികൂട്ടലിൽ നിറുത്തുന്നവരെ തന്നെ പ്രതികൂട്ടിലാക്കുന്ന ഗുഢാലോചന സിദ്ധാന്തക്കാർ. ഗുഢാലോചനകളിലെ ശരികൾ. തെറ്റുകൾ. ആരോപണങ്ങൾ. പ്രത്യാരോപണങ്ങൾ. അനുമാനങ്ങൾ. നിഗമനങ്ങൾ. വ്യാജ വാർത്ത. ശരിയായ വാർത്ത. ആരാണ് ശരി. ആരാണ് തെറ്റ്. ഇതിനൊന്നും ഇനിയും ഉത്തരമില്ല. അതേസമയം ലോകത്തെ വിഴുങ്ങുന്ന കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ ആര് ആദ്യം മരുന്നു കണ്ടെത്തുമെന്ന ഉത്തരത്തിനാണ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഒപ്പം ആര് ആദ്യം മരുന്നു കണ്ടെത്തുമെന്ന മത്സരങ്ങൾക്കും ലോകം സാക്ഷി.
കൊറോണ വൈറസ് ഉറവിടം. വ്യാപനം. ചികിത്സാവിധികൾ. മരുന്നുകളുടെ ശരി-തെറ്റുകൾ. ഇതിൻ്റെയെല്ലാം പ്രചാരകരും ‘വസ്തുതാ’ ന്വേഷണക്കാരും ആഗോള ടെക്ക് ഭീന്മാരായ ഫേസ്ബുക്ക് – ട്വിറ്റർ- ഗൂഗിൾ. ഇവരുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള സോഷ്യൽ മീഡിയയും വിവരം തിരക്കൽ യന്ത്രങ്ങളുമാണ് ലോക വിവരങ്ങളുടെ ശരി – തെറ്റുകളുടെ ആത്യന്തിക വിധികർത്താക്കളെന്നവസ്ഥ! കൊറോണ വൈറസിനെ പ്രതിരോധിയ്ക്കാൻ നിലവിൽ ബൗദ്ദിക സ്വത്താവകാശ ബാധ്യതയില്ലാത്ത മരുന്നു ഉപയോഗിക്കാമെന്നതിൻ്റെ സാധ്യതയെ പോലും തെറ്റായ വിവര പട്ടികയിലുൾപ്പെടുത്തുന്ന ഗുഢാലോചന ക്കാരുണ്ട്. ഇവരിൽ ലോക വിവര സൂക്ഷിപ്പുക്കാരും കാര്യകർത്താക്കളുമായി സ്വയം അവതരിച്ചിട്ടുള്ള ഈ ആഗോള ടെക്ക് ഭീമന്മാർ മുന്നിലാണെന്നത് ശ്രദ്ധേയം. കൊറോണ വൈറസിനെ ചെറുക്കാൻ പുതിയ മരുന്നു തന്നെ വേണമെന്ന ശാഠ്യത്തിലാണ് ഈ ടെക്ക് ഭീമന്മാർ. കൊറോണ വൈറസ് പ്രതിരോധ പ്രതിവിധി പുതിയ മരുന്നെന്ന ടെക്ക് ഭീമന്മാരുടെ ശാഠ്യത്തിന് പിന്നിൽ ആഗോള കുത്തക മരുന്നുല്പാദകരുമായുള്ള ഗൂഢാലോചനയുണ്ടോയെന്നതിലെ വസ്തുതാന്വേഷണം ആര് നടത്തുമെന്നതിന് ഇനിയും ഉത്തരമില്ല!