ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണ് മത്സരങ്ങള്‍ ഗോവയില്‍ നടത്താന്‍ തീരുമാനം. കോവിഡ് ഭീതിയെത്തുടര്‍ന്നാണ് ഇക്കുറി മത്സരങ്ങള്‍ ഗോവയില്‍ മാത്രമായി നടത്താന്‍ തീരുമാനിച്ചത്.
ഇക്കാര്യത്തില്‍ ഐ എസ് എല്‍ നടത്തിപ്പുകാരായ എഫ് എസ് ഡി എല്ലും ഗോവ സ്പോര്‍ട്സ് അതോറിറ്റിയും തമ്മില്‍ ധാരണയിലെത്തി. കോവിഡ് പശ്ചാത്തലത്തില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല.
ഗോവയിലെ മൂന്നു വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ഫത്തോര്‍ഡ, വാസ്കോ, ബാംബോലിന് എന്നിവയാണ് വേദികള്‍. ടീമുകളുടെ പരിശീലനത്തിന് 10 ഗ്രൗണ്ടുകള്‍ ഒരുക്കും.
കേരളത്തേയും പരിഗണിച്ചിരുന്നെങ്കിലും യാത്രാസൗകര്യം, സ്റ്റേഡിയം തുടങ്ങിയ പല ഘടകങ്ങള്‍ പരിശോധിച്ചശേഷമാണ് ഗോവയ്ക്ക് നറുക്ക് വീണത്. നവംബര്‍ 21 മുതല്‍ അടുത്ത മാര്‍ച്ച് 21വരെയായി ലീഗ് നടത്താനാണ് തീരുമാനം വന്നിരിക്കുന്നത്.