ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് നടുക്കുന്ന കുറിപ്പ് പങ്കുവച്ചാണ് അവിചാരിതമായി ധോണി പടിയിറങ്ങുന്നത്. ആ ചർച്ചയുടെ ചൂടേറുമ്പോൾ തന്നെ സ്വയം വിരമിച്ച് സുരേഷ് റെയ്നയും ക്യാപ്റ്റൻ കൂളിനൊപ്പം കൂടി. ഇതോടെ ഇന്ത്യൻ സമൂഹമാധ്യമങ്ങളിൽ ഇതായി ചർച്ച. ട്വിറ്ററിൽ ട്രെൻഡിങിൽ ഈ പേരുകൾ നിറയുകയാണ്.
ശനിയാഴ്ച്ച വൈകുന്നേരം 7.30ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുമ്പോൾ ഐ.പി.എൽ ടീം ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലന ക്യാമ്പിലായിരുന്നു എം.എസ് ധോനി. ഒപ്പം സുരേഷ് റെയ്നയുമുണ്ടായിരുന്നു. ധോനിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ റെയ്നയും ക്രിക്കറ്റ് മതിയാക്കുകയാണെന്ന് അറിയിച്ചു. ധോനിക്കൊപ്പം ഞാനും ചേരുന്നു എന്ന കുറിപ്പോടെയായിരുന്നു റെയ്നയുടെ പോസ്റ്റ്.
2004 ഡിസംബറിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ധോണി ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായാണ് അറിയപ്പെടുന്നത്. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി, ചാംപ്യൻസ് ട്രോഫി കിരീടങ്ങൾ സമ്മാനിച്ച ഏക നായകനുമാണ്. ഇന്ത്യൻ ക്രിക്കറ്റിൽ തലമുറ മാറ്റം നടക്കുന്ന സമയത്ത് ടീമിന്റെ അമരത്തെത്തിയ ധോണി ഇന്ത്യൻ ക്രിക്കറ്റിനെ വിജയകരമായാണ് മുന്നോട്ടുനയിച്ചത്. ഇതിനിടെ ഏകദിന, ട്വന്റി20 ലോകകപ്പുകളും ചാംപ്യൻസ് ട്രോഫിയും നേടി.
രാജ്യാന്തര കരിയറിൽ ഇതുവരെ 90 ടെസ്റ്റുകളിലും 348 ഏകദിനങ്ങളിലും 98 ട്വന്റി20 മൽസരങ്ങളിലും ധോണി ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. ടെസ്റ്റിൽനിന്ന് 2014ൽ തന്നെ താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയ്ക്കെതിരായ ടെസ്റ്റ് പരമ്പര നടക്കുമ്പോൾ അപ്രതീക്ഷിതമായിട്ടായിരുന്നു ടെസ്റ്റിൽനിന്നുള്ള വിരമിക്കൽ. 90 ടെസ്റ്റുകളിൽനിന്ന് 38.09 ശരാശരിയിൽ 4876 റൺസ് നേടി. ഇതിൽ ആറു സെഞ്ചുറിയും 33 അർധസെഞ്ചുറിയും ഉൾപ്പെടുന്നു. ടെസ്റ്റിൽ 256 ക്യാച്ചുകളും 38 സ്റ്റംപിങ്ങുകളുമുണ്ട്.
350 ഏകദിനങ്ങളിൽനിന്ന് 50.57 റൺ ശരാശരിയിൽ 10,773 റൺസാണ് ധോണിയുടെ സമ്പാദ്യം. 10 സെഞ്ചുറിയും 73 അർധസെഞ്ചുറിയും ഇതിലുൾപ്പെടുന്നു. കരിയറിന്റെ തുടക്കക്കാലത്ത് ശ്രീലങ്കയ്ക്കെതിരെ പുറത്താകാതെ നേടിയ 183 റൺസാണ് ഉയർന്ന സ്കോർ. ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായ ധോണിയുടെ പേരിൽ ഏകദിനത്തിൽ മാത്രം 321 ക്യാച്ചുകളും 123 സ്റ്റംപിങ്ങുകളുമുണ്ട്. ഇതിനിടെ രണ്ട് ഏകദിനങ്ങളിൽ ബോളിങ്ങിലും കൈവച്ച ധോണി ഒരു വിക്കറ്റും നേടി. ഇന്നും ഏകദിനത്തിലെ ‘ബെസ്റ്റ് ഫിനിഷർ’ ആയി അറിയപ്പെടുന്ന താരം കൂടിയാണ് ധോണി. 98 ട്വന്റി20 മൽസരങ്ങളിൽനിന്ന് 37.60 റൺ ശരാശരിയിൽ 1617 റൺസും ധോണി നേടി. ഇതിൽ രണ്ട് അർധസെഞ്ചുറികളുമുണ്ട്. ട്വന്റി20യിൽ 57 ക്യാച്ചുകളും 34 സ്റ്റംപിങ്ങും ധോണിയുടെ പേരിലുണ്ട്.
ധോണി വിരമിക്കല്‍ പ്രഖ്യാപിച്ച് മിനുട്ടുകള്‍ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സിലെ ധോണിയുടെ സഹതാരം സുരേഷ് റെയ്നയും വിരമിക്കല്‍ പ്രഖ്യാപിച്ചു. 33 കാരനായ ബാറ്റ്സ്മാന് സുരേഷ് റെയ്ന താനും ധോണിയുടെ യാത്രയ്ക്കൊപ്പം ചേരുകയാണ് എന്ന് പ്രഖ്യാപിക്കുകയായിരുന്നു. ധോണിക്കും മറ്റ് താരങ്ങള്‍ക്കുമൊപ്പമുള്ള ചിത്രം പങ്ക് വെച്ച് കൊണ്ട് വിരമിക്കല്‍ പ്രഖ്യാപനം ഇന്‍സ്റ്റാഗ്രാമിലൂടെ റെയ്നയും ആരാധകരെ അറിയിച്ചു.
2018 ജൂലായില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് റെയ്ന അവസാനമായി ഇന്ത്യന്‍ ക്യാപ് അണിഞ്ഞത്. 2005 ജൂലായില്‍ ദംബുള്ളയില്‍ ശ്രീലങ്കയ്ക്കെതിരെ ആയിരുന്നു റെയ്നയുടെ അരങ്ങേറ്റം, 2006 ഡിസംബറില്‍ റെയ്ന ജോഹന്നാസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി-20 യിലും ഇന്ത്യന്‍ നിരയില്‍ ഇറങ്ങി.
നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2010 ല്‍ കൊളംബോയില്‍ ശ്രീലങ്കയ്ക്കെതിരെയാണ് ടെസ്റ്റില്‍ റെയ്ന അരങ്ങേറിയത്. 18 ടെസ്റ്റുകളില്‍ നിന്ന് റെയ്ന 768 റണ്‍സ് സ്വന്തമാക്കി,226 ഏകദിന മത്സരങ്ങളില്‍ നിന്ന് 5615 റണ്‍സ് റെയ്ന നേടി, 78 ടി-20 മത്സരങ്ങളില്‍ നിന്ന് 1605 റണ്‍സും നേടി,ധോണിയുടെ കീഴില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ ടീമില്‍ റെയ്നയും ഉണ്ടായിരുന്നു,
ധോണിയും റെയ്നയും ഐപിഎല്ലില്‍ ചെന്നൈ സുപ്പര്‍ കിംഗ്സിനായി കളത്തിലിറങ്ങുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇ ലാണ് ഐപിഎല്‍ മത്സരങ്ങള്‍ നടക്കുക,അപ്രതീക്ഷിതമായി ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റെയ്നയും ധോണിയുടെ പാത പിന്തുടര്ന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.