ബഹിരാകാശത്തും വംശവെറി വിളമ്പുന്ന അമേരിക്കന്‍ ഉദാരത

ലോകരാജ്യങ്ങളില്‍ പ്രഥമ ശക്തിയായി നിലനില്‍ക്കുമ്പോഴും ഉള്‍പ്പരിവര്‍ത്തനം സംഭവിക്കുന്ന വംശീയതയെന്ന മരുന്നില്ലാത്ത മഹാമാരിയില്‍ അതിജീവിക്കുകയാണ് അമേരിക്ക. ദേശം, വർണ്ണം, പ്രതിനിധാനം ചെയ്യുന്ന വംശം എന്നിവയെ അടിസ്ഥാനമാക്കി പ്രതിഫലത്തിൽ തുടങ്ങി പെരുമാറ്റത്തിൽ വരെ വിവേചനം കൊണ്ടു നടക്കുമ്പോള്‍ അമേരിക്കന്‍ ഉദാരത എന്ന ആശയം വെറും പ്രഹസനം മാത്രം.

അധികാരത്തിന്റെയും സ്വാര്‍ത്ഥലാഭത്തിന്റെയും ദുര്‍ഗന്ധം വമിക്കുന്ന വംശീയതയുടെ ലക്ഷണങ്ങള്‍ അങ്ങ് ബഹിരാകാശം വരെ പ്രചരിപ്പിക്കാന്‍ ഈ ജനാധിപത്യ രാഷ്ട്രത്തിന് സാധിച്ചിട്ടുണ്ട്. ഗ്രഹങ്ങൾ, ഗാലക്സികൾ, നെബുലകൾ തുടങ്ങിയ ബഹിരാകാശ വസ്തുക്കളുടെ വിളിപ്പേരുകള്‍ക്ക് വംശീയാധിക്ഷേപത്തിന്‍റെ ലാഞ്ചനകളുണ്ടെന്ന് തിരിച്ചറിയാനും അവ തിരുത്താനും മുതിരുകയാണ് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്ന അവകാശവാദങ്ങളെ കാറ്റില്‍ പറത്തുന്ന ചെയ്തികള്‍ക്ക് ശാസ്ത്രലോകവും കൂട്ടുനില്‍ക്കുമ്പോള്‍ വംശീയാധിക്ഷേപങ്ങളുടെ ചരിത്രത്തിന് നീളം കൂടുകയാണ്. തിരിച്ചറിവുകളില്‍ നിന്ന് തെറ്റ് തിരുത്തപ്പെടുമ്പോള്‍, അവ പുതിയ ചിന്താധാരകള്‍ക്ക് വഴിതെളിക്കുമോ? അമേരിക്കയുടെ പൊതുബോധത്തില്‍ ആഴത്തില്‍ വേരിറങ്ങി നില്‍ക്കുന്ന വംശീയതയുടെ ബീജങ്ങള്‍ കരിച്ചു കളയാന്‍ ഇത്തരം ചെയ്തികള്‍ പര്യാപ്തമാകുമോ?


വംശീയത; ബഹിരാകാശത്ത്

എസ്കിമോ നെബുല, 1787 ല്‍ വില്യം ഹെര്‍ഷല്‍ കണ്ടെത്തിയ ഒരു ബൈപോളാർ, ഇരട്ട ഷെൽ, പ്ലാനറ്ററി നെബുല (നീഹാരിക). രോമം കൊണ്ട് നിര്‍മ്മിച്ച പാര്‍ക്ക ( തണുത്ത കാലാവസ്ഥയെ നേരിടാനുള്ള വിൻഡ് പ്രൂഫ് ജാക്കറ്റ് )യാല്‍ ചുറ്റപ്പെട്ട മുഖത്തോടു സാമ്യമുള്ളതിനാലാണ് എന്‍ജിസി 2392 എന്ന ഈ നീഹാരിക, എസ്കിമോ നെബുല എന്ന വിളിപ്പേരില്‍ അറിയപ്പെടുന്നത്. ഭൂഗോളത്തിന്‍റെ വടക്കന്‍ ധ്രുവപ്രദേശങ്ങളിൽ പരമ്പരാഗതമായി വസിച്ചു പോരുന്ന തദ്ദേശരായ ആളുകളെയാണ് എസ്കിമോകൾ എന്ന് വിളിക്കുന്നത്. കിഴക്കൻ സൈബീരിയ (റഷ്യ), അലാസ്ക (യുണൈറ്റഡ് സ്റ്റേറ്റ്സ്), കാനഡ, ഗ്രീൻലാൻഡ് എന്നിവിടങ്ങളിലെ ധ്രുവപ്രദേശങ്ങളിലാണ് എസ്കിമോകൾ കാണപ്പെടുന്നത്.

എസ്കിമോ നെബുല(എന്‍ജിസി 2392)

കടുത്ത വിവേചനം അടയിരിക്കുന്ന പദപ്രയോഗമാണ് എസ്കിമോ. അമേരിക്കയിലെ തദ്ദേശ ഭാഷകളിലൊന്നായ മോണ്ടഗ്നൈസ് ഭാഷയിലെ ‘ayas̆kimew’ എന്ന പദത്തിൽ നിന്നാണ് ഈ വർഗ്ഗത്തിന് എസ്കിമോ എന്ന പേരു വന്നത്. ‘ഹിമച്ചെരുപ്പ് നാടവച്ചു തയ്‌ക്കുന്നവ’ എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം. ആർട്ടിക്‌ പ്രദേശങ്ങളിൽ ‘സ്‌ളെഡ്‌ജ്‌ വലിക്കുന്ന നായ’ എന്ന നിഷേധഅർത്ഥം വരുന്ന ‘husky’ എന്നതിനോടും എസ്കിമോ എന്ന പദത്തിന് സാമ്യതയുണ്ട്. കടലിലെ മത്സ്യങ്ങളേയും സസ്തനികളേയും ആരാധിച്ചു പോരുകയും, കരയിലെ മൃഗങ്ങളെ ഭക്ഷണത്തിനും വസ്ത്രത്തിനും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു ജനവിഭാഗത്തെ വംശീയമായി ആക്ഷേപിക്കുന്ന ഈ വിശേഷണം കൊളോണിയല്‍ അധീശത്വത്തിന്‍റെ ന്യായീകരിക്കാനാവാത്ത വിവേചന മനോഭാവത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. വേര്‍തിരിവിന്‍റെ ചരിത്രമുള്ള ഈ പദപ്രയോഗത്തെ ബഹിരാകാശം വരെയെത്തിച്ച്, വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്ന് അഹങ്കരിക്കുന്ന ശാസ്ത്രലോകവും വംശീയാധിക്ഷേപത്തില്‍ സുഖം കണ്ടെത്തുമ്പോള്‍, വിവേചനങ്ങളുടെ നികൃഷ്ടത ഊട്ടിയുറപ്പിക്കപ്പെടുകയാണ്.

അലാസ്കയിലെ നോട്ടക്കിൽ നിന്നുള്ള ഒരു എസ്കിമോ കുടുംബം (1929)

ഗ്രഹങ്ങള്‍, ഗാലക്സികള്‍, നെബുലകള്‍ തുടങ്ങി ബഹിരാകാശ വസ്തുക്കളുടെ വിളിപ്പേരുകളിലെ വിവേചനങ്ങളും അസമത്വങ്ങളും തിരിച്ചറിഞ്ഞ് അവ പുനഃപരിശോധിക്കാനും, തിരുത്താനും അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ തുനിഞ്ഞിറങ്ങുമ്പോള്‍, ആകാശം തൊട്ട വംശീയ വിദ്വേഷത്തിന്‍റെ ഗാഥകള്‍ വീണ്ടും വിശകലനങ്ങള്‍ക്ക് വിധേയമാകുകയാണ്. ആക്ഷേപകരമായ വിളിപ്പേരുകള്‍ക്ക് പകരം ശാസ്ത്ര നാമങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ വൈവിധ്യങ്ങളെ അംഗീകരിക്കുകയും, തുല്യത ഉറപ്പാക്കുകയുമാണ് ലക്ഷ്യമിടുന്നതെന്നാണ് നാസയുടെ പ്രസ്താവന. ഇതുപ്രകാരം, എസ്കിമോ നെബുല ഇനി ശാസ്ത്ര നാമമായ എന്‍ജിസി 2392 എന്നറിയപ്പെടും.

സയാമീസ് ട്വിന്‍ ഗാലക്സികള്‍

എന്‍ജിസി 4567, എന്‍ജിസി 4568 എന്നിവയെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന സയാമീസ് ട്വിന്‍ ഗാലക്സികള്‍ എന്ന വിളിപ്പേരും ഉപേക്ഷിച്ചു. ആക്ഷേപകരമോ, അനിഷ്ടകരമോ ആയ പദപ്രയോഗങ്ങളെയും വിളിപ്പേരുകളെയും പരിശോധിച്ച് അടിയന്തര നടപടി കൈകൊള്ളുമെന്ന ഉറപ്പും മുന്നോട്ട് വയ്ക്കുന്നുണ്ട് നാസ. അന്യഗ്രഹങ്ങളില്‍ ജീവസാന്നിദ്ധ്യം കണ്ടെത്തി അങ്ങോട്ട് തിരിക്കുന്ന ശാസ്ത്ര ലോകത്തിന്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും അനൗദ്യോഗിക നാമങ്ങളിലെ നിഷേധാര്‍ത്ഥങ്ങള്‍, ജനവികാരം വ്രണപ്പെടുത്തുന്നുവെന്ന തിരിച്ചറിവുണ്ടായതെന്ന് ചര്‍ച്ചകള്‍ക്ക് വിധേയപ്പെടേണ്ട മറ്റൊരു തലമാണ്.

വംശവെറിയില്‍ പൊതിഞ്ഞ അമേരിക്കന്‍ സംസ്കാരം


പോലീസിന്‍റെയും അധികാര വര്‍ഗ്ഗത്തിന്‍റെയും അതിക്രമങ്ങള്‍ക്ക് വിധേയരായി, ജീവന്‍ പൊലിയേണ്ടി വരുന്ന കറുത്ത വര്‍ഗക്കാരുടെ അവസാനിക്കാത്ത അദ്ധ്യായം വീണ്ടും തുറന്നത്, ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ്ജ് ഫ്ലോയിഡിന്‍റെ മരണമായിരുന്നു. ഈ സംഭവത്തിനു പിന്നാലെ, നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പര്യവസാനിക്കാത്ത വംശീയാതിക്രമങ്ങള്‍ക്കെതിരെ സംഘടിച്ച ജനം, ജ്വലിക്കുന്ന മദ്രാവാക്യങ്ങള്‍ ആര്‍ത്തു വിളിച്ചപ്പോള്‍ അമേരിക്കന്‍ തെരുവുകള്‍ അക്ഷരാര്‍ത്ഥത്തില്‍ നിന്നു കത്തി.

അബ്രഹാം ലിങ്കൺ ഒന്നര നൂറ്റാണ്ടുമുമ്പ്‌ നിയമപരമായി അടിമത്തം നിരോധിച്ചുവെങ്കിലും സാമൂഹ്യ–രാഷ്ട്രീയ മണ്ഡലങ്ങളിൽ കറുത്തവംശജരോടുള്ള സമീപനത്തിൽ വലിയ മാറ്റമൊന്നും ഇന്നും ഉണ്ടായിട്ടില്ലെന്നതാണ് ജോര്‍ജ്ജ് ഫ്ലോയിഡിന്‍റെ കൊലപാതകം സാക്ഷ്യപ്പെടുത്തിയത്. ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും കയ്‌പുനീരു കുടിച്ച് ജീവിതം തള്ളിനീക്കുന്ന ഒരു ജനവിഭാഗം രണ്ടാംതരക്കാരായി മുദ്രകുത്തപ്പെടുകയും, മുതലാളിത്ത വര്‍ഗം സ്വത്തുക്കള്‍ സ്വരൂപിക്കുമ്പോള്‍ നഗരസൗന്ദര്യവൽക്കരണത്തിന്റെയും പശ്‌ചാത്തല സൗകര്യങ്ങളുടെയും പേരിൽ ചേരികളിലേക്ക്‌ തള്ളപ്പെടുകയും, ക്രിമിനലുകളായി ചാപ്പകുത്തപ്പെടുകയും, ശിഷ്ടകാലം ജയിലില്‍ കഴിയുകയും ചെയ്യുന്നു. അമേരിക്കയിൽ മാറിമാറിവന്ന ഭരണാധികാരികളൊന്നുംതന്നെ ഈ അടിസ്ഥാന വര്‍ഗത്തിന്‍റെ മുറവിളികള്‍ക്ക് ചെവികൊടുത്തില്ല എന്നതാണ് എണ്ണമറ്റ പ്രക്ഷോഭങ്ങളും, സമരങ്ങളും കുത്തിനിറച്ച അമേരിക്കൻ ചരിത്രരേഖകള്‍ നല്‍കുന്ന പാഠം.


വംശീയ വിദ്വേഷങ്ങളുടെ അമേരിക്കന്‍ മാതൃക, ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിശിതമായി വിമര്‍ശിക്കപ്പെട്ടപ്പോള്‍ പുരോഗമന വാദത്തിന്‍റെയും ഉദാരവത്കരണത്തിന്‍റെയും മുഖം മൂടി തേച്ചു മിനുക്കി, ലോകത്തിന് മുന്നില്‍ ഞെളിഞ്ഞു നില്‍ക്കാനാണ് അമേരിക്ക ശ്രമിച്ചത്. മനുഷ്യാവകാശലംഘനങ്ങളുടെ പേരില്‍ ശത്രു രാജ്യങ്ങളെ വിചാരണ ചെയ്യുന്നതിന്‍റെയും, അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിന്‍റെയും, ഗവേഷണങ്ങള്‍ സംഘടിപ്പിക്കുന്നതിന്‍റെയും, റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതിന്‍രെയും തിരക്കിലാണ് അമേരിക്ക. ഏറ്റവും പൈശാചികമായി മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് അമേരിക്കന്‍ മണ്ണിലാണെന്ന സത്യം മനഃപ്പൂര്‍വ്വം മറച്ചുപിടിച്ചുകൊണ്ടാണ് ഇത്തരം പ്രഹസനങ്ങളെന്നതാണ് പരിഹാസകരമാകുന്നത്.


ജനപ്രിയ ബ്രാന്‍ഡുകളുടെ പേരുകളിലും ലോഗോകളിലും വംശീയ വിദ്വേഷത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്തി അവ തിരുത്തുന്നതാണ് അമേരിക്കയിലെ പുതിയ ട്രെന്‍ഡ് . പേരുകള്‍ തിരുത്തപ്പെടുമ്പോള്‍ വിവേചനാതീതമായ സമൂഹത്തിനു വേണ്ടിയുള്ള മുന്നൊരുക്കമെന്നതിലുപരി, നിത്യോപയോഗ വസ്തുക്കള്‍ തുടങ്ങി ഉപഗ്രഹങ്ങള്‍ വരെ വംശ വെറിയുടെ ചട്ടക്കൂട്ടില്‍ പൊതിഞ്ഞ് സംരക്ഷിച്ച അമേരിക്കന്‍ സംസ്കാരത്തിന്‍റെ പരിതാപകരമായ അവസ്ഥയാണ് അപലപനീയമാകുന്നത്.


130 വർഷം പഴക്കമുള്ള ‘ഓണ്‍ഡ് ജെമിമ’ എന്ന ബ്രാൻഡ് റദ്ദാക്കികൊണ്ട്, കഴിഞ്ഞ ജൂൺ 17 ന് പെപ്സികോ ആണ് ഒരു സുപ്രധാന നീക്കത്തിന് തുടക്കമിട്ടത്. സിറപ്പുകളുടെയും പാൻകേക്ക് മിശ്രിതങ്ങളുടെയും കവറില്‍ ഉള്‍പ്പെട്ട കറുത്ത സ്ത്രീയുടെ ചിത്രം വംശീയാധിക്ഷേപമാണെന്നായിരുന്നു ഈ നടപടിക്ക് പിന്നില്‍ കമ്പനി അവതരിപ്പിച്ച കാരണം. അതേ ദിവസം തന്നെ, അങ്കിൾ ബെന്നിന്റെ മാതൃ കമ്പനികളായ ‘മിസിസ് ബട്ടർ‌വർത്തും’ ‘ക്രീം ഓഫ് വീറ്റും’, തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ കവറുകളിലെ വിവേചനപരമായ പ്രതീകങ്ങളെ പുനഃപരിശോധിക്കുമെന്ന പ്രസ്താവനയുമായി രംഗത്തു വന്നിരുന്നു.


97 വര്‍ഷമായി തുടരുന്ന പേരിലെ, വംശീയച്ചുവ തിരിച്ചറിഞ്ഞ്, അത് ഉപേക്ഷിച്ചുകൊണ്ടായിരുന്നു അമേരിക്കന്‍ ഫുട്ബോള്‍ ലീഗ് ടീമായ വാഷിംഗ്ടണ്‍ റെഡ്‌സ്‌കിന്‍സ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. കോള്‍ഗേറ്റിന്‍റെ ‘ബ്ലാക്ക് പേഴ്സണ്‍ ടൂത്ത് പേസ്റ്റ്’, ഡ്രയേഴ്സ് ഐസ്ക്രീമിന്‍റെ ‘എസ്കിമോ പൈ’ എന്ന ബ്രാന്‍ഡ്, ന്യൂ ഓർലിയാൻസിലെ ഏറ്റവും പഴയ മദ്യവിൽപ്പനശാലയായ ഡിക്‌സി ബിയർ തുടങ്ങി പേരും, പ്രതീകങ്ങളും വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചതായി ചൂണ്ടിക്കാട്ടി വിവിധ കമ്പനികള്‍ പുനഃപരിശേധനയ്ക്കുള്ള സന്നദ്ധത അറിയിച്ചിരുന്നു.

വാഷിംഗ്ടണ്‍ റെഡ്‌സ്‌കിന്‍സ് പതാക

ഈ പട്ടികയിലെ ഏറ്റവും പുതിയ ഉദാഹരണമാണ് ബഹിരാകാശ വസ്തുക്കളുടെ വിളിപ്പേരുകളിലെ വിവേചനം തിരിച്ചറിഞ്ഞുള്ള നാസയുടെ നടപടി. ലിബറല്‍ സമൂഹത്തിന്റെ മഹോന്നത മാതൃകയായവതരിപ്പിക്കുന്ന അമേരിക്ക കടുത്ത വംശീയതയുടെ വക്താക്കളാണെന്നതിന്‍റെ ഓര്‍മ്മപ്പെടുത്തലുകള്‍ക്കപ്പുറം, നിര്‍ണ്ണായകമായ ചില വിചിന്തനങ്ങള്‍ക്ക് പാതയൊരുക്കാന്‍ ഈ നീക്കങ്ങള്‍ക്ക് സാധിക്കണം. എങ്കിലത് ചില വ്യവസ്ഥാപിത അജണ്ടകള്‍ക്ക് അവസാനം കുറിക്കും.