ന്യൂഡൽഹി: കോവിഡിന്റെ പശ്ചാത്തലത്തിൽ സെപ്തംബറിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കേണ്ടതില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുയോജ്യമായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.ഒക്ടോബറിലും തുറക്കാൻ സാധ്യതയില്ല. സ്കൂളുകൾ ഡിസംബറിൽ തുറക്കണമോ എന്നതിൽ തീരുമാനം പിന്നീട് അറിയിക്കും.
അദ്ധ്യയന വർഷം ഉപേക്ഷിക്കാതെ പരീക്ഷ അടക്കം പൂർത്തിയാക്കാനാണ് നിലവിലെ തീരുമാനം. ഓൺ ലൈൻ ക്ലാസുകൾ തുടരും. വിദ്യാർഥികൾക്ക് വർഷം നഷ്ടപെടില്ല എന്നും മന്ത്രാലയം പറയുന്നു. ഇന്ത്യയിൽ ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ സെപ്തംബറിൽ തുറക്കുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണനയിലായിരുന്നു. ഘട്ടംഘട്ടമായി തുറക്കാനായിരുന്നു ആലോചന.
10,11,12 ക്ലാസുകൾ ആദ്യം ആരംഭിച്ച്, തുടർന്ന് 6 മുതൽ 9 വരെയുളള ക്ലാസുകൾ പ്രവർത്തിക്കാൻ അനുവദിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും 33 ശതമാനം മാത്രം ഒരു സമയം സ്കൂളിലെത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. എന്നാൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് അനുയോജ്യമല്ലെന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചത്.