തിരുവനന്തപുരം: സംസ്ഥാനത്തെ ലോ കോളേജുകളിലെ സീറ്റുകൾ വെട്ടിക്കുറച്ചതിനെതിരെ വ്യാപക പ്രതിഷേധം. സ്വാശ്രയ കോളേജുകളെ സഹായിക്കാനായി സർക്കാർ കോളേജുകളിലെ സീറ്റുകൾ ഇല്ലാതാക്കുന്നുവെന്നാണ് ആക്ഷേപം. സർക്കാർ സീറ്റുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ അടക്കമുള്ള സംഘടകനൾ രംഗത്തെത്തിയിട്ടുണ്ട്.
ഈ വർഷത്തെ എൽഎൽബി പ്രവേശനത്തിനായുള്ള വിഞ്ജാപനത്തിലാണ് സീറ്റുകളുടെ കുറവ് വ്യക്തമാക്കുന്നത്. സർക്കാർ കോളെജുകളിലെ ത്രിവത്സര എൽഎൽബി സീറ്റുകളുടെ എണ്ണം 100ൽ നിന്ന് 60 ആയി കുറഞ്ഞു. പഞ്ചവത്സര കോഴ്സ് സീറ്റുകൾ 80-ൽ 60-ആയി.
ഇതോടെ കഴിഞ്ഞ വർഷം സർക്കാർ മേഖലയിൽ ആകെ 720 എൽഎൽബി സീറ്റുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 480 സീറ്റുകൾ മാത്രം. 240 സീറ്റുകളുടെ കുറവ്. പക്ഷെ 19 സ്വകാര്യ കോളെജുകളിലെ സീറ്റുകളിൽ ഒരു മാറ്റവുമില്ല.
ഒരു അധ്യാപകന് 60 കുട്ടികളെന്ന ബാർ കൗൺസിലിന്റെ നിർദ്ദേശം അനുസരിച്ചാണ് നടപടിയെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പക്ഷെ സ്വകാര്യ മേഖലയിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കുകയും സർക്കാർ സീറ്റുകൾ തന്നെ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നതാണ് സർക്കാരിനെതിരായ വിമർശനം. സീറ്റുകൾ സംരക്ഷിക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എസ്എഫ്ഐ നിവേദനം നൽകി.
ഉറപ്പായ സീറ്റുകൾ മാത്രം ഉൾപ്പെടുത്തിയാണ് വിഞ്ജാപനം പുറത്തിറക്കിയതെന്നും അന്തിമ തീരുമാനം ഉണ്ടാകുമ്പോൾ മുഴുവൻ സീറ്റുകളിലേക്കും പ്രവേശനം നടത്തുമെന്നും പ്രവേശന പരീക്ഷ കമ്മീഷണര്‍ അറിയിച്ചു. കൂടുതൽ സ്വയംഭരണ കോളെജുകൾ അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ നേരത്തെ തന്നെ കടുത്ത വിമർശനമുയർന്നിരുന്നു.