ചൈനീസ് ആപ്പുകളായ ടിക്ടോകും ടെന്‍സന്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള മെസഞ്ചര്‍ ആപ്പായ വീചാറ്റും നിരോധിച്ച് അമേരിക്ക. ഇതോടെ, ചൈനയും യുഎസും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്ക് തങ്ങളുടെ രാജ്യത്തുള്ള ബിസിനസ് വിറ്റ് ഒഴിവാകാന്‍ 45 ദിവസത്തെ സാവകാശമാണ് ടിക്ടോകിന് അനുവദിച്ചിരിക്കുന്നത്. വിശ്വസിക്കാന്‍ കൊള്ളാത്ത ചൈനീസ് ആപ്പുകളെ പുറംതള്ളുകയാണ് എന്നാണ് അമേരിക്കയുടെ വാദം.
അമേരിക്കയിലെ യുവജങ്ങള്‍ക്കിടയില്‍ വന്‍ പ്രചാരമായിരുന്നു ടിക്ടോക് നേടിയിരുന്നത്. ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട് എന്ന നിയമം ഉപയോഗിച്ചാണ് രണ്ട് ആപ്പുകളും നിരോധിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 15നാണ് നിരോധനം നിലവില്‍ വരിക.
ഈ നിരോധനത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ പ്രശ്നമുണ്ടാക്കിയേക്കുമെന്ന് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുള്ളവര്‍ തന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അമേരിക്കയിലുള്ള പല ചൈനാ നിരീക്ഷകരും ഈ നിരോധനത്തിന്റെ യുക്തിയെ തന്നെ ചോദ്യംചെയ്തിട്ടുണ്ട്.