വാഷിംഗ്ടണ്‍ ഡിസി: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിനെ നിരോധിച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യാഴാഴ്ച ഒപ്പുവച്ചു. ചൈനീസ് കമ്ബനിയായ ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷന്‍ വീചാറ്റുമായുള്ള ഇടപാടുകള്‍ നിരോധിക്കുന്ന സമാനമായ ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു. രണ്ട് ഉത്തരവുകളും 45 ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും.
അടിയന്തര സാമ്ബത്തിക സാഹചര്യം പരിഗണിച്ചുകൊണ്ടോ മറ്റു എക്സിക്യൂട്ടീവ് ഉത്തരവോ ഉപയോഗിച്ച് ടിക് ടോക്കിനെ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്കുമെന്ന് ട്രംപ് കഴിഞ്ഞ വെള്ളിയാഴ്ച പറഞ്ഞിരുന്നു. അതിനുശേഷം പല നാടകീയ സംഭവവികാസങ്ങളും പ്രസ്താവനകളും ഇരു രാജ്യങ്ങളുടെ ഉന്നതരില്‍ നിന്നും വന്നിരുന്നു.
അമേരിക്കയില്‍ ടിക്ടോക്കിനേക്കാള്‍ അല്‍പ്പം കൂടുതല്‍ പ്രചാരമുള്ള വീചാറ്റ് ആപ്ലിക്കേഷന്‍ അമേരിക്കയിലെ ചൈനീസ് പ്രവാസികള്‍ക്കിടയില്‍ വ്യാപകമായി ഉപയോഗത്തിലുള്ളതാണ്. എന്നാല്‍ അവ്യക്തവും ആശയക്കുഴപ്പം നിറഞ്ഞതുമാണ് ഈ എക്സിക്യൂട്ടീവ് ഉത്തരവുകള്‍. എന്ത് തരം ഇടപാടുകളാണ് നിരോധിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. 45 ദിവസത്തിന് ശേഷം വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ്സ് അത് വ്യക്തമാക്കുമെന്നാണ് ഉത്തരവിലുള്ളത്.
അതിനാല്‍ ഇത് ആപ്ലിക്കേഷനുകളുടെ അമേരിക്കയിലെ പ്രവര്‍ത്തനത്തെ ഏത് രീതിയിലാണ് ബാധിക്കുകയെന്ന് വ്യക്തമല്ല. ടെന്‍സെന്റിന്റെ മറ്റ് സേവനങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്നതിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഇത് രണ്ട് ആപ്ലിക്കേഷനുകളെയും നേരിട്ട് നിരോധിക്കുകയാണെന്ന് ഉത്തരവുകളില്‍ പറഞ്ഞിട്ടില്ല. പകരം അവയ്ക്ക് മറ്റ് രീതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള നീക്കമാണ്.
ഉത്തരവ് പരിശോധിച്ചുവരികയാണെന്നാണ് ഇത് സംബന്ധിച്ച് ടെന്‍സെന്റിന്റെ പ്രതികരണം. ശരിയായ നടപടിക്രമങ്ങളിലൂടെയല്ല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ടിക്ടോക്ക് കുറ്റപ്പെടുത്തി. അമേരിക്കയിലുള്ള വിശ്വാസത്തെയും നിയമവാഴ്ചയോടുള്ള പ്രതിബദ്ധതയേയും ഇത് ദുര്‍ബലപ്പെടുത്തുമെന്നും ടിക്ടോക്ക് പറഞ്ഞു.
ബൈറ്റ്ഡാന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഒരു വീഡിയോ പങ്കിടല്‍ മൊബൈല്‍ ആപ്ലിക്കേഷനാണ് ടിക് ടോക്ക്, ചൈനീസ് സര്‍ക്കാരുമായി ഈ ഡാറ്റ പങ്കിടാന്‍ സാധ്യതയുള്ളതിനാല്‍ ദേശിയ സുരക്ഷാഭീക്ഷണിയായി ഇതിനെ കണക്കാക്കികൊണ്ടാണ് അമേരിക്കയില്‍ നിരോധന ഉത്തരവിറക്കിയത്. ടിക് ടോക്ക് അതിന്റെ ഉപയോക്താക്കളില്‍ നിന്ന് ഇന്റര്‍നെറ്റ് ലൊക്കേഷന്‍, ബ്രൗസിംഗ് തിരയല്‍ ചരിത്രം എന്നിവയുള്‍പ്പെടെ മറ്റ് നെറ്റ്വര്‍ക്ക് പ്രവര്‍ത്തന വിവരങ്ങള്‍ ശേഖരിക്കുന്നു എന്ന ട്രംപിന്റെ ആക്ഷേപത്തിനു മറുപടിയായി ഈ ശേഖരിക്കുന്ന വിവരങ്ങള്‍ ചൈനയില്‍ സൂക്ഷിക്കുന്നില്ലെന്ന് ടിക്ക് ടോക് പറഞ്ഞു. അമേരിക്കന്‍ ജനതയുടെ സ്വകാര്യതയിലേക്കും അവരുടെ ഇഷ്ടങ്ങള്‍ അറിയുന്നതിലേക്കും ഉള്ള കടന്നു കയറ്റം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) ഈ ഡാറ്റാ ചോര്‍ത്തലിലൂടെ നടത്തുന്നു. ഫെഡറല്‍ ജീവനക്കാരുടെയും കരാറുകാരുടെയും സ്ഥലങ്ങള്‍ ട്രാക്കുചെയ്യാനും വ്യക്തിഗത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ ബ്ലാക് മെയില്‍ ചെയ്യാനും അമേരിക്കന്‍ കോര്‍പറേറ്റുകളില്‍ ചാരപ്രവര്‍ത്തനം നടത്തിന്നതിനും ഇതുമൂലം ചൈനയ്ക്ക് സാധിക്കുന്നു എന്ന ഗുരുതരമായ ആരോപണമാണ് ട്രംപ് ഉന്നയിച്ചത്.
സിഇഒ സത്യ നാഡെല്ലയും ട്രംപും തമ്മിലുള്ള സംഭാഷണത്തെത്തുടര്‍ന്ന് ടിക് ടോക് ആപ്ലിക്കേഷന്‍ സ്വന്തമാക്കാനുള്ള ചര്‍ച്ചകളുമായി മുന്നോട്ട് പോവുകയാണെന്ന് മൈക്രോസോഫ്റ്റ് ഞായറാഴ്ച പറഞ്ഞിരുന്നു.
മൈക്രോസോഫ്റ്റോ ഏതെങ്കിലും യുഎസ് കമ്ബനിയോ ടിക് ടോക്ക് വാങ്ങുകയാണെങ്കില്‍, പുതിയ കമ്ബനിയില്‍ ചൈനീസ് പങ്കാളിത്തം ഇല്ലെന്ന് ഉറപ്പുവരുത്തുമെന്നും ട്രംപ് പറഞ്ഞു.