ഇന്ത്യ-ചൈന സംഘര്‍ഷം തുടങ്ങിയ കഴിഞ്ഞ മാസങ്ങളില്‍ പല ചൈനീസ് ആപ്പുകളും രാജ്യം നിരോധിച്ചിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനിയായ ഷഓമിയുടെ എംഐ വെബ് ബ്രൗസറും നിരോധിച്ച ആപ്പുകളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ്. എല്ലാ ഷഓമി ഫോണിലും ഈ ആപ്പുണ്ട്.
ആദ്യം നിരോധിച്ച 59 ആപ്പുകളില്‍ കമ്പനിയുടെ എംഐ കമ്യൂണിറ്റ് ആപ്പും ഉണ്ടായിരുന്നു. ഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പിളിന്റെ ആപ് സ്റ്റോറിലും നിന്ന് ഷഓമിയുടെ ബ്രൗസര്‍ ആപ്പുകളെല്ലാം നീക്കംചെയ്ത് കഴിഞ്ഞു. എംഐ ബ്രൗസര്‍ പ്രോയാണ് ഇന്ത്യ ഇപ്പോള്‍ നിരോധിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ചൈനീസ് ബ്രൗസറുകളെല്ലാം വരും ദിവസങ്ങളില്‍ ബ്ലോക്കു ചെയ്തേക്കുമെന്നാണ് സൂചന.
ഇപ്പോള്‍ ഫോണുകളിലുള്ള ബ്രൗസറുകള്‍ പ്രവര്‍ത്തന ക്ഷമമാണ്. എന്നാല്‍, ഇവ വരും ദിവസങ്ങളില്‍ ബ്ലോക്കു ചെയ്യപ്പെടും. അതെസമയം, ഇന്ത്യ മുന്നോട്ടുവച്ചിട്ടുള്ള എല്ലാ സ്വകാര്യതാ, സുരക്ഷാ നിയമങ്ങളും പാലിച്ചാണ് തങ്ങളുടെ ബ്രൗസര്‍ ഇറക്കിയിരിക്കുന്നതെന്നാണ് ഷഓമിയുടെ പ്രതികരണം.
പുതിയ സംഭവവികാസങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുകയാണ് തങ്ങളെന്നും സർക്കാർ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും കമ്പനി പറയുന്നു. എംഐ ബ്രൗസറുകള്‍ ഉപയോഗിച്ചുവന്നവര്‍, ഫയര്‍ഫോക്സ്, ഗൂഗിള്‍ ക്രോം, മൈക്രോസോഫ്റ്റ് എജ്, ബ്രേവ് തുടങ്ങിയ ആപ്പുകളിലേക്കു മാറുന്നതായിരിക്കും ഉചിതം.