മാഡ്രിഡ്: സ്പാനിഷ് ഇതിഹാസ ഗോള്‍കീപ്പര്‍ ഐക്കര്‍ കസിയസ് പ്രഫഷണല്‍ ഫുട്ബോളില്‍നിന്നു വിരമിച്ചു. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
2010-ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമിന്റെ നായകനായിരുന്നു 39-കാരനായ കസിയസ്. 2008, 2012 വര്‍ഷങ്ങളില്‍ യൂറോ കപ്പ് ജയിച്ച സ്പാനിഷ് ടീമിനെ നയിച്ചതും കസിയസായിരുന്നു. 2000 മുതല്‍ 2016 വരെ സ്പാനിഷ് ദേശീയ ടീമിനായി 167 മത്സരങ്ങള്‍ കളിച്ചു.
റയല്‍ മാഡ്രിഡിനൊപ്പം മൂന്ന് ചാമ്ബ്യന്‍സ് ലീഗ്, അഞ്ച് ലാലിഗ കിരീടങ്ങളും കസിയസ് സ്വന്തമാക്കിയിട്ടുണ്ട്. 1999-ൽ 18-ാം വയസിൽ റയലിന്റെ സീനിയർ ടീമിൽ അരങ്ങേറിയ അദ്ദേഹം 2015 വരെ ക്ലബ്ബിൽ തുടർന്നു. റയലിനൊപ്പം 16 സീസണുകളിലായി 725 മത്സരങ്ങളിൽ ഗോൾവല കാത്ത കസിയസ് അഞ്ച് ലാ ലിഗാ കിരീടങ്ങളിലും മൂന്ന് ചാമ്പ്യൻസ് ലീഗ് നേട്ടത്തിലും പങ്കാളിയായി.
ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റെക്കോഡ് കസിയസിന്റെ പേരിലാണ്. 177 മത്സരങ്ങൾ, ഇതിൽ 150 മത്സരങ്ങളും റയലിന്റെ ജേഴ്സിലായിരുന്നു. 57 ക്ലീൻ ഷീറ്റുകളെന്ന റെക്കോഡും കസിയസിനുണ്ട്.