മലപ്പുറം: മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ഇവരില്‍ 118 പേര്‍ക്കും സന്പര്ക്കത്തിലൂടെയാണു രോഗബാധ. 16 പേരുടെ ഉറവിടം അറിയില്ല.
രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന എട്ട് പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.
94 പേര് വിദഗ്ധ ചികിത്സക്കുശേഷം ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,544 പേരാണു രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗബാധിതരായി ഇതുവരെ 14 പേര് മരിച്ചു.
31,212 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 924 പേര് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 473 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എട്ട് പേരും നിലന്പൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ച് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 84 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 34 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 132 പേരും കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 188 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 28,983 പേര് വീടുകളിലും 1,305 പേര് കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍ടിപിസിആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 67,854 പേരുടെ സാന്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 65,989 പേരുടെ ഫലം ലഭ്യമായി. ഇതില്‍ 60,279 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 1,808 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.