അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ടിക്ടോക് നിരോധിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത പരന്നതോടെ ടെക്നോളജി ഭീമന് മൈക്രോസോഫ്റ്റ് ആപ് ഏറ്റെടുക്കാനുള്ള തങ്ങളുടെ ശ്രമം കുറച്ചു സമയത്തേക്ക് നിർത്തിവച്ചിരുന്നതായി ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിലപ്പോള്‍ മൈക്രോസോഫ്റ്റ് അമേരിക്കന്‍ ടിക്ടോക് ഉപയോക്താക്കളുടെ ഡേറ്റ സൂക്ഷിക്കുന്ന റോളിലേക്കു മാത്രം ഒതുങ്ങുമെന്ന അഭ്യൂഹങ്ങളുമുണ്ട്.
മൈക്രോസോഫ്റ്റ് ഏറ്റെടുത്ത കമ്പനികളില്‍ പലതിനും അധിക കാലത്തെ ആയുസുണ്ടായിരുന്നില്ല എന്നും, അതുകൊണ്ട് മൈക്രോസഫ്റ്റിന്റെ കൈയ്യില്‍ ടിക്ടോക് എത്താതിരിക്കുന്നതായിരിക്കും ആപിന്റെ ആരാധകര്‍ക്കു നല്ലതെന്നും ചില വാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, അടുത്ത കാലത്തായി യുവജനങ്ങളില്‍ നിന്ന് അകന്നു നില്ക്കുന്ന മൈക്രോസോഫ്റ്റിന് അവരോട് അടുക്കാനുള്ള എളുപ്പമാര്‍ഗമായിരിക്കും ടിക്ടോക് എന്നും അതിനാല്‍ കമ്പനി അത് ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കണമെന്നും പലരും വാദിച്ചു.
അതേസമയം, ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇടപാടിനെക്കുറിച്ച് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല പ്രസിഡന്റ് ട്രംപുമായി സംസാരിച്ചുവെന്നും സെപ്റ്റംബര്‍ 15നു മുൻപ് ഇടപാടുറപ്പിക്കുമെന്നും പറയുന്നു. കമ്പനി ആപ് വാങ്ങിയാല്‍ അമേരിക്ക, കാനഡ, ന്യൂസിലൻഡ്, ഓസ്ട്രേലിയ എന്നിവടങ്ങളില്‍ ടിക്ടോക് മൈക്രോസോഫ്റ്റിന്റെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുക.
മറ്റൊരു അമേരിക്കന്‍ കമ്പനിയും ഇതിന്റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടേക്കുമെന്നും വാര്‍ത്തകള്‍ പറയുന്നു. തങ്ങളും ടിക്ടോകിന്റെ ഉടമയായ ബൈറ്റ്ഡാന്‍സും തമ്മില്‍ ഒരു കരാറിലെത്തുന്നുണ്ടെങ്കില്‍ ആപ്പിന് ലോകോത്തര സുരക്ഷാ നടപടികള്‍ നല്‍കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.