രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ എയർടെൽ വൻ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിലെ റിപ്പോർട്ട് പ്രകാരം എയര്‍ടെല്ലിന്റെ അറ്റനഷ്ടം ഏകദേശം 15,933 കോടി രൂപയാണ്. പതിനഞ്ച് വർഷത്തിനിടെ ഇത് ആദ്യമായാണ് എയർടെല്‍ ഇത്രയും വലിയ തിരിച്ചടി നേരിടുന്നത്.
കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 2,866 കോടി രൂപയായിരുന്നു. ഇതിനിടെ കമ്പനിയുടെ മൊത്തം കടം 1.1 ലക്ഷം കോടി രൂപയായി. ക്രമീകരിച്ച മൊത്ത വരുമാനം (എജിആർ) അടയ്ക്കൽ വ്യവസ്ഥകൾ കാരണമാണ് എയർടെൽ വൻ നഷ്ടത്തിലായത്.
ഉയർന്ന ഡേറ്റയും വോയ്സ് ഉപഭോഗവും രേഖപ്പെടുത്തിയിട്ടും ലാഭകരമായി മുന്നേറുന്നതിൽ എയർടെൽ പരാജയപ്പെട്ടു. “കോവിഡ് മൂലമുണ്ടായ അഭൂതപൂർവമായ പ്രതിസന്ധിയിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്. ഞങ്ങളുടെ ടീമുകൾ രാജ്യത്തിന് മികച്ച സേവനം നൽകുകയും ഉപഭോക്താക്കളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു,” ഭാരതി എയർടെല്ലിന്റെ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഗോപാൽ വിറ്റാൽ പറഞ്ഞു.
ഉപകരണ ഇക്കോ സിസ്റ്റത്തിലെ സപ്ലൈ ചെയിൻ ആഘാതം മൂലം 4 ജി നെറ്റ് വരിക്കാരെ ചേർക്കുന്നത് 20 ലക്ഷമായി കുറഞ്ഞു. എങ്കിലും ഡേറ്റാ ട്രാഫിക് വളർച്ച 73 ശതമാനം വർധിച്ചതായി ഗോപാൽ വിറ്റാൽ കൂട്ടിച്ചേര്‍ത്തു.