കൊച്ചി: നാളത്തെ ബക്രീദ് ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കളക്ടർ. കണ്ടെയ്ൻമെന്റ് സോണുകളിൽ ബലികർമമോ മാംസവിതരണമോ പാടില്ല എന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കളക്ടറുടെ ഉത്തരവിലുണ്ട്. ബലികർത്തിന് ആളുകൾ കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകാമെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രങ്ങൾ സംബന്ധിച്ച് തീരുമാനമായത്. സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾ അനുസരിച്ചാണ് ഉത്തരവിറക്കിയിരിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ബലികർമം നടത്താം.
വീടുകളിൽ ബലികർമം നടത്തുമ്പോൾ പരമാവധി അഞ്ചു പേർ മാത്രമേ എത്താവൂ. ക്വാറന്റീനിൽ കഴിയുന്നവരും കഴിഞ്ഞ 14 ദിവസത്തിനുള്ള പനിയോ മറ്റു കോവിഡ് ലക്ഷണങ്ങളോ ഉള്ളവരും കർമത്തിൽ പങ്കെടുക്കാൻ പാടില്ല. പള്ളികളിൽ ബലികർമവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും ഇടപെടുന്നവരും കോവിഡ് ടെസ്റ്റ് നടത്തണം.
ആഘോഷങ്ങൾ പരമാവധി ചുരുക്കി നിർബന്ധിത ചടങ്ങുകൾ മാത്രം നിർവഹിക്കുക, കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിക്കുക, പൊതുസ്ഥലങ്ങളിലെ ഈദ് ഗാഹ് ഒഴിവാക്കി പള്ളികളിൽ മാത്രം പെരുന്നാൾ നമസ്കാരം നടത്തുക, പള്ളികളിലെ നമസ്കാരത്തിന് സാമൂഹിക അകലം പാലിച്ച് പരമാവധി നൂറുപേർ മാത്രം പങ്കെടുക്കുക തുടങ്ങിയ നിർദേശങ്ങളാണ് കളക്ടറുടെ ഉത്തരവിലുള്ളത്.