ടോക്കിയോ: ഇന്ത്യയില്‍ നിരോധനം നേരിട്ടതിന് പിന്നാലെ ജപ്പാനിലും ചൈനീസ് വീഡിയോ ആപ്പായ ടിക്ക് ടോക്ക് നിരോധനം നേരിടാന്‍ സാധ്യതയേറുന്നു. ജപ്പാനീസ് ഭരണകക്ഷിയിലെ ജനപ്രതിനിധികള്‍ തന്നെയാണ് ടിക് ടോക്കിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
ജപ്പനീസ് ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ഒരു കൂട്ടം നേതാക്കള്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയോട് ടിക് ടോക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞെന്നാണ് ജപ്പാനീസ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജപ്പാന്റെ സുരക്ഷ മുന്‍കരുതലായി ടിക്ടോക്കിന് നിരോധനം ഏര്‍പ്പെടുത്തണം എന്നാണ് ഇവരുടെ ആവശ്യം.
ടിക്ടോക്കു വഴി ജപ്പാന്റെ വിവരങ്ങള്‍ ചെനയിലേക്ക് ചോരുന്നുവെന്നും, ഇത് തടയുവാന്‍ ടിക് ടോക് നിരോധനമാണ് മുന്നിലുള്ള മാര്‍ഗം എന്നുമാണ് ജപ്പാനിലെ ഭരണകക്ഷിയുടെ റെഗുലേറ്ററി പോളിസി വിഭാഗം നേതാവ് അക്കിര അമാരി പ്രതികരിച്ചത്. ഇന്ത്യയില്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച ജൂണ്‍ 29ലെ തീരുമാനത്തിന് ശേഷമാണ് ജപ്പാനിലും ടിക് ടോക് നിരോധനം സംബന്ധിച്ച ആവശ്യം ശക്തമായത് എന്നാണ് സൂചന.