അമീഷ പട്ടേല്‍, പ്രതീക് ബബ്ബാര്‍, സ്വീഡിഷ്-ഗ്രീക്ക് നടി എല്ലി അവ്രാം എന്നിവര്‍ സെവന്ത് സെന്‍സ് (7th Sence) എന്ന വെബ് സീരീസിന്റെ ഭാഗമാകുമെന്ന് നിര്‍മ്മാതാവായ ഗോരംഗ് ദോഷി പ്രൊഡക്ഷന്‍സ് അറിയിച്ചു. ആർ മാധവൻ, റോനിത് റോയ്, ചങ്കി പാണ്ഡെ, തനുജ് വിർവാനി, ആഷിം ഗുലാത്തി, സന സയീദ്, അഹ്സാസ് ചന്ന, ദിബിയേന്ദു ഭട്ടാചാര്യ, സഞ്ജാദ് ഡെല ഫ്രൂസ്, മനുജ് ശർമ തുടങ്ങി വന്‍ താര നിര നേരത്തെ തന്നെ ഈ വെബ് സീരീസിന്റെ ഭാഗമായിരുന്നു.
കഴിഞ്ഞ മാസമാണ് ബോളിവുഡിലെ പ്രശസ്ത നിർമ്മാതാവായ ഗോരംഗ് ദോഷി, ‘സെവന്ത് സെന്‍സ്’ ‘ലൈൻ ഓഫ് ഫയർ’ എന്നീ രണ്ട് വെബ് സീരീസുകൾ പ്രഖ്യാപിച്ചുകൊണ്ട് ഡിജിറ്റൽ വിനോദ ലോകത്തേക്ക് തന്റെ അരങ്ങേറ്റം വെളിപ്പെടുത്തിയത്. എക്കാലത്തെയും വലിയ താരനിരയെ അവതരിപ്പിച്ചുകൊണ്ട്, ഇന്ത്യന്‍ വെബ് സീരീസുകളില്‍ ഇന്നേവരെ കാണാത്ത പുത്തന്‍ അനുഭവം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നാണ് ഗോരംഗ് ദോഷി അഭിപ്രായപ്പെടുന്നത്.
സെവന്ത് സെന്‍സിന്റെ ചിത്രീകരണം ഓഗസ്ത് മാസത്തോടെ ആരംഭിക്കാനാണ് പദ്ധതിയിടുന്നതെന്നും അതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്നും ദോഷി കൂട്ടിച്ചേര്‍ത്തു. സാങ്കേതിക സംഘവും ഡയറക്ടർമാരും ഉള്‍പ്പെടെ 15 ഓളം പേരടങ്ങുന്ന ഒരു ക്രൂ ഓഗസ്റ്റ് 1 ന് എമിറേറ്റ്സ് എയർലൈൻസിൽ യുഎഇയിലേക്ക് തിരിക്കും. സീസൺ 1, 2 എന്നിവയുടെ ഷൂട്ടിംഗ് ഏകദേശം 140 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും, ചിത്രീകരണത്തിന്റെ ഭൂരിഭാഗവും ദുബായിലും അബുദാബിയിലും വച്ചാണെന്നും ദോഷി പറഞ്ഞു.
ഒരു നല്ല സുഹൃത്തും അതിലുപരി മികച്ച നിർമ്മാതാവുമായി ഗോരംഗ് ദോഷിയുടെ നിര്‍മ്മാണത്തിലുള്ള വെബ് സീരീസ് വഴി പുതിയ മേഖലയിലേക്ക് അരങ്ങേറ്റം നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു അമീഷ പട്ടേലിന്റെ പ്രതികരണം. ക്രൈം ത്രില്ലർ വിഭാഗത്തില്‍ പെടുന്ന സെവന്ത് സെന്‍സ് സംവിധാനം ചെയ്യുന്നത് കരൺ ദാറയാണ്. കഥയും തിരക്കഥയും ജിബ്രാൻ നൂറാനിയുടേതാണ്.
അതെസമയം, ലൈന്‍ ഓഫ് ഫയര്‍ ഒരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് സീസണുകളായി പുറത്തിറങ്ങാനിരിക്കുന്ന സീരീസില്‍ പ്രകാശ് രാജ്, ജിമ്മി ഷെർഗിൽ, മുഹമ്മദ് സീഷൻ അയ്യൂബ്, തനുജ് വിർവാനി, വിജയ് റാസ്, തനിഷ്ട ചാറ്റർജി, കബീർ സിംഗ്, സന സയീദ്, മനു റിഷി, തൻവി അസ്മി തുടങ്ങി വന്‍ താരനിര തന്നെയുണ്ട്. ഷായക് റോയിയും അങ്കുൽ സിങ്ങും ചേര്‍ന്ന് രചിച്ച കഥയെ അടിസ്ഥാനമാക്കി തിരക്കഥയെഴുതിയിരിക്കുന്നത് അങ്കുൾ സിംഗ്, നിഖിൽ മിശ്ര, സഞ്ജയ് കുമാർ ചദ്വാര എന്നിവര്‍ ചേര്‍ന്നാണ്. ഷായക് റോയ് ആണ് സംവിധാനം. മധു ഭണ്ഡാരി, ആമി ഡി. നർഗോൾക്കർ, മുനീർ അവാൻ എന്നിവരാണ് വെബ് സീരീസുകളുടെ അസോസിയേറ്റ് പ്രൊഡ്യൂസർമാർ.