കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളില്‍ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഏകജാലക ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. സര്‍വകലാശാലയുടെ www.cap.mgu.ac.in എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷന് നടത്തേണ്ടത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവേശന പ്രക്രിയ പൂര്‍ണമായി ഓണ്‍ലൈനിലാണ്. അപേക്ഷകന് ഫോട്ടോ, ഒപ്പ്, മറ്റു രേഖകള്‍, സാക്ഷ്യപത്രങ്ങള്‍ എന്നിവയുടെ ഡിജിറ്റല്‍ പകര്‍പ്പ് അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണം.
മാനേജ്മെന്റ്, കമ്യൂണിറ്റി വിഭാഗം സീറ്റിലേക്ക് അപേക്ഷിക്കുന്നവര്‍ ഏകജാലകത്തിലൂടെ നല്കിയ ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് അതതു കോളജില്‍ നല്‍കണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവര്‍ക്ക് മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കാനാവില്ല.
ഭിന്നശേഷി സ്പോര്‍ട്സ് കള്‍ച്ചറല്‍ ക്വാട്ടയിലേക്ക് പ്രൊവിഷണല്‍ റാങ്ക് പട്ടിക സര്‍വകലാശാല പ്രസിദ്ധീകരിക്കും. രേഖകളുടെ പരിശോധന അതതു കോളജുകളില്‍ ഓണ്‍ലൈനായി നടത്തും. എസ് സി, എസ്ടി വിഭാഗത്തിന് 375 രൂപയും മറ്റുള്ളവര്‍ക്ക് 750 രൂപയുമാണ് രജിസ്ട്രേഷന് ഫീസ്.