കൊല്ലം: ജില്ലയില്‍ സ്വകാര്യ വാഹനങ്ങള്‍ റോഡിലിറക്കുന്നതിന് രജിസ്‌ട്രേഷന്‍ നമ്പറിനെ അടിസ്ഥാനമാക്കി ഗതാഗത നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നു. ഒറ്റ-ഇരട്ട അക്ക നമ്പര്‍ നിയന്ത്രണമാണ് നിലവില്‍ വരുന്നത്.
ഒറ്റ അക്കങ്ങളില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്ള വാഹനങ്ങള്‍ തിങ്കള്‍ , ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉപയോഗിക്കാം. ഇരട്ട അക്കങ്ങളില്‍ അവസാനിക്കുന്നവയ്ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് അനുമതി. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ഇത് ബാധകമാണ്. തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
സമ്പര്‍ക്കരോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഞായറാഴ്ച കണ്ടെയിന്‍മെന്റ് സോണുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒന്നിടവിട്ട കടകള്‍ക്ക് മാത്രമേ തുറക്കാന്‍ അനുമതിയുള്ളൂ. ആളുകള്‍ക്ക് പുറത്തിറങ്ങുന്നതിനും നിയന്ത്രണമുണ്ട്. തീരദേശമേഖലകളിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 15-20 വീടുകളെ ഓരോ ക്ലസ്റ്ററുകളായി തിരിച്ച് അണുവിമുക്തമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.