ന്യൂഡൽഹി: ലഡാക്കിൽ കേന്ദ്ര സർവകലാശാല സ്ഥാപിക്കാൻ തീരുമാനമായി. തിങ്കളാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് സർവകലാശാലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തത്വത്തിൽ അനുമതി നൽകിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ച് ഒരു വർഷം തികയുന്ന വേളയിലാണ് ലഡാക്കിൽ ആദ്യ കേന്ദ്ര സർവകലാശാല സ്ഥാപിക്കാൻ അനുമതി നല്‍കുന്നത്.
എൻജിനിയറിങ്, മെഡിക്കൽ കോഴ്സുകൾ ഒഴികെ ആർട്സ്, സയൻസ് തുടങ്ങിയ എല്ലാ കോഴ്സുകള്‍ക്കുമൊപ്പം ബുദ്ധിസ പഠന കേന്ദ്രവുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ഭരണ പ്രദേശമായ ലഡാക്ക്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ കേന്ദ്രസർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് സർവകലാശാല സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു. സർവകലാശാല സ്ഥാപിക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉടൻ കടക്കുമെന്നാണ് സൂചന. ഉന്നത വിദ്യാഭ്യാസത്തിനായി ലഡാക്കിലെ ആയിരക്കണക്കിന് വിദ്യാർഥികൾ മറ്റുനാടുകളിലേക്ക് സഞ്ചരിക്കാൻ നിർബന്ധിതരായ പശ്ചാത്തലത്തിലാണ് കേന്ദ്രം പുതിയ സർവകലാശാലയ്ക്ക് അനുമതി നൽകിയതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.