ട്വന്റി-20 ലോകകപ്പ് മാറ്റിവെച്ചു; ഐപിഎല്‍ സെപ്റ്റംബറില്‍ യുഎഇയില്‍

ദുബായ്: കോവിഡ് വ്യാപനത്തെ തുടർന്ന് ഈ വർഷം അവസാനം ഓസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ട്വന്റി-20 ലോകകപ്പ് മാറ്റിവെച്ചു. ഇന്ന് ചേർന്ന ഐസിസി ബോർഡ് മീറ്റിങ്ങിലാണ് തീരുമാനം. ഓസ്ട്രേലിയൻ നഗരങ്ങളായ സിഡ്നിയിലും മെൽബണിലും കോവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിലാണ് നടപടി.

അതെസമയം, ട്വന്റി-20 ലോകകപ്പ് മാറ്റിവെച്ചാൽ ഐപിഎൽ നടക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വർഷം സെപ്റ്റംബർ 26 മുതൽ നവംബർ ഏഴു വരെ യുഎഇയിലാകും ഐപിഎൽ നടക്കുക.

ഇപ്പോഴത്തെ സാഹചര്യത്തിൽ ട്വന്റി-20 ലോകകപ്പിന് ആതിഥേയരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ നേരത്തെതന്നെ ഐസിസിയെ അറിയിച്ചിരുന്നു. ഇതോടെ ഈ വർഷത്തെ ലോകകപ്പ് ഇന്ത്യയിൽ നടത്താനും ഐസിസി ആലോചിച്ചിരുന്നു. എന്നാൽ ഇന്ത്യയിലും കോവിഡ് കേസുകൾ വർദ്ധിച്ചതോടെ ഐസിസി തീരുമാനം മാറ്റുകയായിരുന്നു.

അതേസമയം 2021-ലെ ട്വന്റി-20 ലോകകപ്പ് 2021 നവംബർ മുതൽ ആരംഭിക്കും. നവംബർ 14-നാകും ഫൈനൽ. 2022-ലെ ട്വന്റി-20 ലോകകപ്പും ആ വർഷം നവംബറിൽ നടക്കും. നവംബർ 13-നാകും ഫൈനൽ. 2023-ലെ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാകും. 2023 ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിന്റെ ഫൈനൽ നവംബർ 26-നാണ്.