പത്തനംതിട്ട: അടൂർ ജനറലാശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ.ആനന്ദപ്പള്ളി സോമസദനത്തിൽ അമൽ സാഗർ (23) മുണ്ടപ്പള്ളി ആനന്ദ ഭവനിൽ പ്രദീപ് (36) എന്നിവരെയാണ് ഇൻസ്പെക്ടർ യു ബിജു, എസ്ഐ ശ്രീജിത്ത്, എഎസ്ഐ രഘു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പ്രദീപ് മുണ്ടപ്പള്ളി യൂത്ത് കോൺഗ്രസ് നേതാവാണ്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇവരുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.മറ്റുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം വിപുലമാക്കി.അസ്ഥിരോഗ വിഭാഗം ഡോക്ടർ മനോജിന്റെ പരാതിയെ തുടർന്നാണ് കേസെടുത്തത്. ഡോക്ടറുടെയടുത്ത് ചികിത്സ തേടിയവർ നിരീക്ഷണത്തിൽ പോകണമെന്നുള്ള വ്യാജ സന്ദേശം ഫെയ്സ് ബുക്ക്, വാട്ട്സാപ്പ് എന്നിവ വഴി പ്രചരിപ്പിച്ചെന്നായിരുന്നു പരാതി. പൊതുജനങ്ങൾക്കിടയിൽ ഭീതി പരത്തും വിധം വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്