കൊല്ലം: ജില്ലയിൽ ക്വാറന്റൈന് പ്രോട്ടോക്കോള്‍ ലംഘനം കൂടുന്നു. മത്സ്യ മേഖലയിലേക്ക് തമിഴ്നാട്ടില്‍ നിന്നെത്തിയവരാണ് ക്വാറന്റൈന് ലംഘിക്കുന്നതായി കണ്ടെത്തിയത്. 12 പേര് താമസിക്കേണ്ട കേന്ദ്രങ്ങളില്‍ 32 പേര്. ശക്തികുളങരയില്‍ ക്വാറന്റൈനിലായിരുന്ന 13 കുളച്ചില്‍ സ്വദേശികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഈ മേഖലയെ കണ്ടയിന്മെന്റ് സോണാക്കി.
കുളച്ചിലില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ശക്തികുളങര പമ്പിന് സമീപത്തെ ലോഡ്ജിലെ 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജില്ലാ ഭരണകൂടം തീരമേഖലയില്‍ രോഗവ്യാപനം തടയാന്‍ അന്വേഷണം ആരംഭിച്ചത്.ശക്തികുളങരയില്‍ മാത്രം അടുത്ത ദിവസങളില്‍ തമിഴ്നാട്ടില്‍ നിന്ന് എത്തിയ 250 ലധികം മത്സ്യതൊഴിലാളികള്‍ ക്വാറന്റൈനില്‍ കഴിയുന്നുവെന്ന് കണ്ടെത്തി.രാത്രികാലങളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ പുറത്തിറങി നടക്കുന്നുവെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചാണ് തൊഴിലാളികളെ തമിഴ്നാട്ടില്‍ കൊണ്ടു വന്നതെന്നും ക്വാറന്റൈന് ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന് നേതാവ് പീറ്റര്‍ പറഞ്ഞു.
ബോട്ട് ഉടമകളുടെ ഉത്തരവാദിത്വത്തില്‍ വന്നവരെ സുരക്ഷിതമായി ക്വാറന്റൈന് ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വവും അവര്‍ക്കാണ്.കൊല്ലം തേവള്ളി മാര്‍ക്കറ്റിനു സമീപം 12 പേര്‍ക്ക് മാത്രം അനുമതിയുള്ള കെട്ടിടത്തില്‍ 32 പേരെ ക്വാറന്റൈന് ലംഘിച്ച് താമസിപ്പിക്കുന്നതായി കണ്ടെത്തി.ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ വന്‍തുക നല്‍കിയാണ് വാടകയ്ക്കെടുത്ത് ബോട്ടുടമകള്‍ ക്വാറന്റൈന് കേന്ദ്രമാക്കുന്നത്.