ന്യൂ ഡല്‍ഹി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആരോഗ്യ സേതു ലോകത്തിലെ കോവിഡ് 19 ട്രാക്കിങ് ആപ്പുകളിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സെൻസർ ടവര്‍ നടത്തിയ കണക്കെടുപ്പിലാണ് കോവിഡ് 19 ട്രാക്കിങ് ആപ്പുകളിൽ ആരോഗ്യ സേതു ഒന്നാം സ്ഥാനത്തെത്തിയതായി തെളിഞ്ഞത്.
ആരോഗ്യ സേതു ആപ്പ് ഏപ്രിൽ മാസത്തിൽ 80.8 ദശലക്ഷം പേരാണ് ഡൗൺലോഡ് ചെയ്തത്. ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലുമായി ജൂലൈ വരെ മൊത്തം 127.6 ദശലക്ഷം ഡൗൺലോഡുകളും ആപ്പ് നേടി.
ആരോഗ്യ സേതുവിന്റെ മൊത്തം ഡൗൺലോഡ്സിന്റെ എണ്ണം ആഗോളതലത്തിൽ ഉയർന്നതാണെങ്കിലും ആപ്ലിക്കേഷന്റെ ഉപയോഗ നിരക്ക് കണക്കിലെടുക്കുമ്പോൾ ഇന്ത്യ നാലാം സ്ഥാനത്താണെന്ന് സെൻസർ ടവറിന്റെ റിപ്പോർട്ടില്‍ പറയുന്നു. ഓസ്ട്രേലിയയിലെ കോവിഡ്സേഫ് ആപ്ലിക്കേഷനാണ് ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച ആപ്പ്. 4.5 ദശലക്ഷം തവണയാണ് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തത്. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 21.6 ശതമാനമാണ്.
കോവിഡ് ട്രാക്കിങ് ആപ്പ് ഉപയോഗിക്കുന്ന ആളുകളുടെ നിരക്ക് പരിശോധിക്കുമ്പോൾ തുർക്കി രണ്ടാം സ്ഥാനത്തും ജർമ്മനി മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യയിൽ ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുന്നത് മൊത്തം ജനസംഖ്യയുടെ 12.5 ശതമാനം ആളുകൾ മാത്രമാണ്.
സർവേയിൽ പങ്കെടുത്ത 14 രാജ്യങ്ങളിൽ മൊത്തം 1.9 ബില്യൻ ആളുകളാണ് ഉള്ളത്. ഇതിൽ 173 ദശലക്ഷം ആളുകളാണ് അവരുടെ സർക്കാരുകൾ പുറത്തിറക്കിയ കോവിഡ് 19 ട്രാക്കിംഗ് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്തത്. ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ കണക്കെടുപ്പ് ഡാറ്റ ഉപയോഗിച്ചായിരുന്നു സെൻസർ ടവറിന്റെ പഠനം.
ഇന്ത്യയിൽ കർണാടക സർക്കാർ പുറത്തിറക്കിയ കൊറോണ വാച്ച്, സൂറത്തിന്റെ എസ്എംസി കോവിഡ് 19 ട്രാക്കർ തുടങ്ങിയ പ്രാദേശിക ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവരുടെ കണക്കുകള്‍ റിപ്പോര്‍ട്ടില്‍ ഉൾപ്പെടുത്തിയിട്ടില്ല. ആരോഗ്യ സേതു ആപ്പിനെ അപേക്ഷിച്ച് വളരെ കുറച്ച് ആളുകൾ മാത്രമേ മേൽപ്പറഞ്ഞ രണ്ട് ആപ്പുകളും ഉപയോഗിക്കുന്നുള്ളൂ.
കോവിഡ് 19 ട്രാക്കിംഗ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചിട്ടും കൊറോണ വൈറസിനെ കൃത്യമായി തടയാൻ സാധിക്കുന്നില്ല എന്നാണ് ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി സെന്റർ ഫോർ ഹെൽത്ത് സെക്യൂരിറ്റിയിലെ മുതിർന്ന സ്കോളറെ ഉദ്ധരിച്ച് സെൻസർ ടവർ റിപ്പോർട്ട് ചെയ്യുന്നത്. വളരെയധികം ആളുകൾ ആരോഗ്യ സേതു ഇൻസ്റ്റാൾ ചെയ്തിട്ടും കൊറോണ വൈറസിന്റെ വ്യാപനം ഇന്ത്യയിൽ തടയാൻ സാധിച്ചിട്ടില്ല. എന്നാൽ ആപ്പ് പല സന്ദർഭങ്ങളിലും ഏറെ സഹായകമാണെന്നും സെന്‍സര്‍ ടവറിന്രെ പ്രസ്താവനയില്‍ പറയുന്നു.