വാഷിങ്ടണ്‍: സാമ്പത്തിക മേഖലയിലെ ഇന്ത്യ-യുഎസ് പങ്കാളിത്തം ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുമെന്ന് യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ (USIBC) പ്രസിഡന്റ് നിഷ ബിസ്വാള്‍. കോവിഡ് മഹാമാരി ആഗോള വിതരണ ശൃംഖലകളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, വൈറസിനെതിരെയുള്ള വാക്സിന് ഗവേഷണത്തിലടക്കം ഇന്ത്യ-യുഎസ് പങ്കാളിത്തം വിശ്വാസ്യതയോടെയാണ് മുന്നോട്ട് പോകുന്നതെന്നും ബിസ്വാള്‍ പറഞ്ഞു. യുഎസ്ഐബിസി സംഘടിപ്പിക്കുന്ന ഇന്ത്യാ ഐഡിയാസ് ഉച്ചകോടി, ജൂലൈ 21-22 തീയതികളില്‍ നടക്കാനിരിക്കെയാണ് ബിസ്വളിന്റെ പ്രതികരണം.
പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള ചര്‍ച്ചകളും, ആഗോള വിതരണ ശൃംഖല വൈവിധ്യവല്‍ക്കരിക്കാനുള്ള നടപടികളുമാണ് ലോകത്താകമാനമുള്ള കമ്പനികളില്‍ നടക്കുന്നത്. ഇത് പ്രാദേശിക നിക്ഷേപങ്ങള്‍ ത്വരിതപ്പെടുത്തുന്നതിലേക്ക് വഴിതുറക്കുമെന്നും, അങ്ങനെ വന്നാല്‍ ഇന്ത്യയ്ക്ക് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്നും ബിസ്വാള്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ എന്നത് ആകര്‍ഷകമായ അവസരമാണെന്നും, എന്നാല്‍ യുഎസ്, മെക്സിക്കോ, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് കിടപിടിക്കേണ്ടി വരുമെന്നും ബിസ്വാള്‍ കൂട്ടിച്ചേര്‍ത്തു.
കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യ കടുത്ത സാമ്പത്തിക പിരിമുറുക്കത്തിലാണെങ്കിലും ആഗോള തലത്തില്‍ ഇന്ത്യയുടെ പ്രാതിനിധ്യം ഉറപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൃഢനിശ്ചയം അഭിനന്ദനാര്‍ഹമാണെന്നും ബിസ്വാള്‍ വ്യക്തമാക്കി. ജൂലൈ 21-22 തീയതികളില്‍ യുഎസ്ഐബിസി സംഘടിപ്പിക്കുന്ന ഇന്ത്യാ ഐഡിയാസ് സമ്മിറ്റിൽ ആഗോള വിതരണ ശൃംഖലയിൽ കൊറോണ വൈറസിന്റെ സ്വാധീനം, ഇരു രാജ്യങ്ങളും തമ്മിലുള്ള ആരോഗ്യ സംരക്ഷണ സഹകരണം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ചയാകുമെന്നാണ് സൂചന.