തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമില്ല. ഈ മാസം 16ന് തന്നെ പരീക്ഷ നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക.
സിബിഎസ്ഇ പ്ലസ്ടു ഫലം കൂടി പുറത്തുവന്ന സാഹചര്യത്തിലാണു സര്‍ക്കാര്‍ തീരുമാനം. സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ബുധനാഴ്ചയാണ് പ്രഖ്യാപിക്കുക.
വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അറിയിച്ചു.
1. രാവിലെയും ഉച്ചയ്ക്കുമായി പരീക്ഷ നടക്കുന്നതിനാല്‍ വെള്ളം, ഉച്ചഭക്ഷണം എന്നിവ കരുതണം.
2. മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച്, കാല്‍ക്കുലേറ്റര്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരീക്ഷാഹാളില്‍ അനുവദിക്കില്ല
3. ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ഥികള്‍ ഷോര്‍ട്ട് വിസിറ്റ് പാസ് നേടുന്നതിനായി ഇ-ജാഗ്രതാ പോര്‍ട്ടല്‍വഴി രജിസ്റ്റര്‍ചെയ്യണം
4. പരീക്ഷാകേന്ദ്രങ്ങള്‍ പരീക്ഷയ്ക്കു മുമ്പും ശേഷവും അഗ്നിരക്ഷാസേന അണുവിമുക്തമാക്കും
5. ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ഥികള്‍ക്കും ക്വാറന്റീനില്നിന്നെത്തുന്നവര്ക്കും പ്രത്യേകം മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്.
6. സാമൂഹിക അകലം പാലിച്ചുകൊണ്ട് പരീക്ഷാകേന്ദ്രത്തില്‍ പ്രവേശിക്കുന്നതിനും പുറത്തേക്കുപോകുന്നതിനുള്ള സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നതിനായി സന്നദ്ധപ്രവര്‍ത്തകര്‍ ഉണ്ടാകും.
7. സഹായത്തിനായി ജില്ലകളിലെ ലെയ്സണ്‍ ഓഫീസര്‍മാരുടെ ഫോണ്‍നമ്പര്‍ അഡ്മിറ്റ് കാര്‍ഡില്‍ ലഭിക്കും
8. കെ.എസ്.ആര്.ടി.സി. പ്രത്യേക സര്‍വീസ് നടത്തും. ‘bus on demand’ പ്രകാരം ബസ് ബുക്കിങ് ചെയ്തിട്ടുണ്ടെങ്കില്‍ സാമൂഹിക അകലം പാലിക്കണം. നിര്‍ദേശങ്ങള്‍ പോലീസും സന്നദ്ധപ്രവര്‍ത്തകരും നല്‍കും.
9. നിലവില്‍ ക്വാറന്റീന്‍കാലാവധി കഴിഞ്ഞവരും കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ലാത്തവരും നിര്‍ബന്ധമായും പരീക്ഷയ്ക്കെത്തുന്നതിനുമുമ്പായി ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെട്ട് അവരവരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം
10. സൂപ്പര്‍ സ്പ്രെഡ് മേഖലകളില്‍നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായി പരീക്ഷയെഴുതാന്‍വേണ്ട സംവിധാനങ്ങളൊരുക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
11. സാമൂഹികസുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യ, തദ്ദേശസ്വയംഭരണ, പോലീസ്, അഗ്നിരക്ഷാസേന തുടങ്ങി എല്ലാവകുപ്പുകളുടെയും സഹകരണവും സാന്നിധ്യവും ഉറപ്പാക്കിയിട്ടുണ്ട്.