ന്യൂഡല്‍ഹി: കോവിഡ് ചികിത്സയ്ക്ക് സോറിയാസിസിനു നല്കുന്ന മരുന്ന് ഉപയോഗിക്കാന്‍ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്കി. ഗുരുതര ശ്വാസ തടസ്സം അനുഭവിക്കുന്ന രോഗികള്‍ക്കാണ് സോറിയാസിസിന് നല്കുന്ന ഇറ്റൊലൈസുമാബ് എന്ന മരുന്ന് നല്‍കുക.
അടിയന്തര ഘട്ടങ്ങളില്‍ നിയന്ത്രിത രീതിയില്‍ മരുന്ന് നല്‍കാനാണ് നിര്‍ദേശമെന്ന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഡോ വി.ജി സൊമാനി പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സൈറ്റോക്കിന്‍ റിലീസ് സിന്‍ഡ്രോമിനെ പ്രതിരോധിക്കാനാണ് ഇറ്റൊലൈസുമാബ് നല്‍കുന്നത്. കോവിഡ് ബാധിച്ചവരില്‍ സൈറ്റോക്കിന്റെ ഉത്പാദനം വര്‍ധിക്കുന്നതിലൂടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
കോവിഡ് രോഗികളില്‍ നടത്തിയ ക്ലിനിക്കല്‍ ട്രയല്‍ തൃപ്തികരമായിരുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പള്‍മനോളജിസ്റ്റുകളും ഫാര്‍മക്കോളജിസ്റ്റുകളും എയിംസിലെ വിദഗ്ധരും അടുങ്ങുന്ന കമ്മറ്റിയാണ് മരുന്ന് പരീക്ഷണം നടത്തിയത്. മരുന്ന് നല്‍കുന്നതിന് മുന്‍പ് കോവിഡ് രോഗിയുടെ അനുമതി തേടും.