കോലാലംബൂര്‍: കുടിയേറ്റക്കാരുടെ അറസ്റ്റ് സംബന്ധിച്ച് ഡോക്യുമെന്ററി പുറത്തിറക്കിയ അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യുമെന്ന് മലേഷ്യന്‍ പോലീസ്. രേഖകളില്‍ ഇല്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി കാണിക്കുന്ന ഡോക്യുമെന്ററി രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് നടപടി.
അല്‍ ജസീറയുടെ ഖത്തര്‍ ആസ്ഥാനമായ സ്റ്റേഷന്റെ 101 ഈസ്റ്റ് ന്യൂസ് പ്രോഗ്രാം നിര്‍മ്മിച്ച ലോക്ക്ഡ് അപ് ഇന്‍ മലേഷ്യാസ് ലോക്ക് ഡൗണ്‍ (Locked up in Malaysia’s Lockdown) എന്ന ഡോക്യമെന്ററിയാണ് വിവാദത്തിലായിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലയളവില്‍ നടന്ന റെയ്ഡുകളില് അറസ്റ്റിലായ കുടിയേറ്റക്കാരെ സംബന്ധിച്ചായിരുന്നു ഈ റിപ്പോര്‍ട്ട്. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ഡോക്യുമെന്ററി വിശകലനം ചെയ്തതെന്ന ആരോപണമാണ് മലേഷ്യയിലെ ഉന്നതാധികാരികള്‍ ഉന്നയിക്കുന്നത്.
വൈറസ് വ്യാപനം കണക്കിലെടുത്ത് നടന്ന അറസ്റ്റുകളെ പലപ്പോഴായി അധികൃതര്‍ ന്യായീകരിച്ചിട്ടുണ്ട്. രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങളില്‍ നടപടിയെടുക്കുക എന്നത് പോലീസിന്റെ ഉത്തരവാദിത്വമാണെന്ന് ഇൻസ്പെക്ടർ ജനറൽ അബ്ദുൽ ഹമീദ് ബദോർ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാനമന്ത്രി മുഹ്യിദ്ദീൻ യാസിന്റെ സർക്കാരിനു കീഴില്‍ പത്ര സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടുകയാണെന്ന വ്യാപക പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ് മലേഷ്യന്‍ പോലീസിന്റെ നീക്കം ചര്‍ച്ചയാകുന്നത്. വംശീയത, രേഖകളില്ലാത്ത കുടിയേറ്റക്കാർക്കെതിരായ വിവേചനം എന്നീ ആരോപണങ്ങൾ അസത്യമാണെന്നും മലേഷ്യക്കാരോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് മലേഷ്യന്‍ പ്രതിരോധമന്ത്രി ഇസ്മായിൽ സാബ്രി യാക്കോബ്, അല്‍ ജസീറയുടെ ഉന്നതവൃത്തങ്ങളുമായി ബന്ധപ്പെട്ടിരുന്നു.
മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ വിളിച്ച സംഭവത്തില്‍ അല്‍ ജസീറ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോക്ക് ഡൗണ്‍ കാലത്ത് മലേഷ്യയില്‍ കടിയേറ്റക്കാര്‍ വ്യാപകമായി അറസ്റ്റ് ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്തതിന്, ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോര്‍ട്ടറെയും കഴിഞ്ഞ മെയ് മാസത്തില്‍ ചോദ്യം ചെയ്തിരുന്നു.