ന്യൂ ഡല്‍ഹി: സർവകലാശാലകളിലെ അവസാന വർഷ, സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കേണ്ടതില്ലെന്നും സെപ്റ്റംബറിൽ തന്നെ നടത്തുമെന്നും യുജിസി. ഓൺലൈനായോ ഓഫ്ലൈനായോ, രണ്ടുരീതിയും ഉപയോഗിച്ചോ മൂല്യനിർണയം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ജൂലൈയിൽ തന്നെ പരീക്ഷ നടത്തി അവസാന ആഴ്ച പരീക്ഷാഫലം എന്നതായിരുന്നു നേരത്തെയുള്ള നിർദേശം. ഇത് പൂർണമായും റദ്ദാക്കി.
മറ്റു സെമസ്റ്ററുകളിലെയും വാർഷിക പരീക്ഷകളുടെയും കാര്യത്തിൽ ഏപ്രിലിൽ പുറപ്പെടുവിച്ച മാർഗരേഖയിൽ മാറ്റമുണ്ടാകില്ലെന്നും യുജിസി വ്യക്തമാക്കി. ഇതനുസരിച്ചു ഇന്റേണൽ, മുൻ പരീക്ഷകള്‍ എന്നിവയില്‍ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും മൂല്യനിർണയം. ഈ വിലയിരുത്തൽ ഓഗസ്റ്റ് പകുതിയോടെ പൂർത്തിയാക്കാനും നേരത്തെ നിർദേശമുണ്ടായിരുന്നു.
സെപ്റ്റംബറിൽ പരീക്ഷ എഴുതാൻ കഴിയാത്തവർക്കായി പിന്നീടു സർവകലാശാലകൾക്കു പ്രത്യേക പരീക്ഷ നടത്താം. പരീക്ഷ തോൽക്കുന്നവർക്കും ഇതിനൊപ്പം മാർക്ക് മെച്ചപ്പെടുത്താൻ അവസരം നൽകും. ഈ അദ്ധ്യയന വർഷത്തിൽ മാത്രം, ഒറ്റത്തവണ എന്ന രീതിയിലായിരിക്കും പ്രത്യേക പരീക്ഷ.