ഷെയര്‍ചാറ്റ് ഈ ആഴ്ച സോഷ്യൽ വീഡിയോ പങ്കിടാന്‍ ‘മൊജ്’ എന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ 10 ലക്ഷം പേരാണ് ‘മൊജ്’ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തത്. ഇന്തോ-ചൈന അതിർത്തിയിലെ സംഘര്‍ഷവും, ടിക് ടോക്ക്, ഷെയർഇറ്റ് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതും ആപ്പിന്റെ ഡൗണ്‍ലോഡ് കൂട്ടാന്‍ കാരണമായി.
ജനപ്രിയ ആപ്ലിക്കേഷനായ ടിക്ക് ടോക്കിന് സമാനമായി, പ്രത്യേക ഇഫക്റ്റുകൾ, സ്റ്റിക്കറുകൾ, ഇമോട്ടിക്കോണുകൾ എന്നിവ ഉപയോഗിച്ച് ഹ്രസ്വ വീഡിയോകൾ സൃഷ്ടിക്കാൻ മോജ് ഉപയോക്താക്കളെ അനുവദിക്കുന്നു.
ടിക് ടോക്കിനെ നിരോധിച്ചതിനുശേഷം അതിന് സമാനമായ ഇന്ത്യൻ ആപ്ലിക്കേഷനുകൾ രാജ്യത്ത് വലിയ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. എട്ടായിരത്തിലധികം റിവ്യൂകൾക്ക് ശേഷം മോജിന് പ്ലേ സ്റ്റോറിൽ 4.2 റേറ്റിംഗ് ലഭിച്ചു.
ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം തുടങ്ങി 15 ഇന്ത്യന്‍ ഭാഷകളില്‍ ഈ സേവനം ലഭിക്കും. ഇംഗ്ലീഷ് ഭാഷ ആപ്പില്‍ കിട്ടില്ല. വാട്സാപ്പിലേക്ക് നേരിട്ട് വീഡിയോ പങ്കുവെക്കാനുള്ള സൗകര്യവും മോജിലുണ്ട്.
ജൂണ്‍ 29നാണ് ഷെയര്‍ചാറ്റ് മോജ് അവതരിപ്പിച്ചത്. ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ സ്റ്റോറിലും ഇത് ലഭ്യമാണ്. നിലവില്‍ ബീറ്റാ ആപ്പ് ആണ് ലഭ്യമാക്കിയിട്ടുള്ളത്. ആപ്പിന്റെ സ്റ്റേബിള്‍ വേര്‍ഷന്‍ എപ്പോള്‍ പുറത്തിറക്കുമെന്ന് ഷെയര്‍ചാറ്റ് വ്യക്തമാക്കിയിട്ടില്ല.
ടിക് ടോക്കിന് സമാനമായ ഇന്ത്യൻ ആപ്ലിക്കേഷനായ ചിംഗാരിയുടെ എതിരാളിയാണ് ഈ അപ്ലിക്കേഷൻ. മൂന്ന് ആഴ്ച പിന്നിടുമ്പോള്‍ പ്ലേ സ്റ്റോറിൽ 10 മില്യണ്‍ ഡൗൺലോഡുകളും, 3.9 റേറ്റിംഗും ചിംഗാരി അപ്ലിക്കേഷനുണ്ട്.