ന്യൂയോർക്ക്: ലോകത്ത് എല്ലാപേരും മാസ്ക് ധരിച്ചാല്‍ ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്ന് ട്വിറ്റര്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ കൊടുംപിരി കൊണ്ടിരിക്കവേ എല്ലാവരും ഫേസ് മാസ്ക് ധരിക്കുകയാണെങ്കില്‍ തങ്ങൾ ട്വിറ്ററിൽ എഡിറ്റ് ബട്ടൺ ഉൾക്കൊള്ളിക്കാമെന്നാണ് ട്വിറ്റർ അറിയിച്ചത്.
ട്വിറ്ററിന്റെ ഔദ്യോഗിക ഹാന്‍ന്‍ഡിലില്‍ നിന്നാണ് ഈ ട്വീറ്റ്. ട്വിറ്ററിന്റെ ട്വീറ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായത്. ട്വീറ്റിന് ഇതുവരെ ഏഴ് ലക്ഷത്തോളം പേര് റീ ട്വീറ്റ് ചെയ്തപ്പോള്‍ 24 ലക്ഷത്തോളം പേര് ലൈക്ക് ചെയ്തു.37000ത്തോളം പേരാണ് ട്വീറ്റിന് മറുപടിയുമായി എത്തിയത്. ട്വീറ്റിന് പിന്നാലെ നിരവധി ആളുകള്‍ ട്രോളുകളുമായും എത്തിയിട്ടുണ്ട്.
നിലവില്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകൾ പിന്നീട് എഡിറ്റ് ചെയ്യാനുള്ള സംവിധാനം ട്വിറ്ററില്‍ ഇല്ല. ട്വീറ്റ് പൂര്‍ണമായും ഡീലിറ്റ് ചെയ്യുക എന്നത് മാത്രമാണ് പിന്നീടുള്ള ഏക മാര്‍ഗം. എഡിറ്റിംഗ് ഓപ്ഷന് വേണമെന്നത് ഉപയോക്താക്കള്‍ ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന കാര്യമാണ്. എന്നാൽ ഇത്രയും കാലമായിട്ടും അത് നടപ്പിലാക്കിയിട്ടില്ല.